പയ്യന്നൂർ: മഴമേഘങ്ങളൊഴിഞ്ഞ ആകാശം ഗ്രഹസംഗമക്കാഴ്ചകളാൽ ധന്യം. സൗരയൂഥത്തിലെ നാലു ഗ്രഹങ്ങളാണ് ആകാശത്ത് 'ക്യൂ'നിന്ന് വിസ്മയക്കാഴ്ചയൊരുക്കുന്നത്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ശുക്രൻ, വ്യാഴം, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുംവിധം ഭൂമിക്കരികെ സ്ഥാനംപിടിച്ചത്. ശുക്രൻ ആകാശത്തിെൻറ ഏറ്റവും പടിഞ്ഞാറുഭാഗത്ത് തിളങ്ങിനിൽക്കുന്നു. സൂര്യാസ്തമയസമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിൽനിന്ന് 43 ഡിഗ്രി ഉയരത്തിലായിരിക്കും ശുക്രെൻറ സ്ഥാനം. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ പ്രകാശമാനമായ ഈ ഗ്രഹം ഇപ്പോൾ കൂടുതൽ തിളക്കത്തിലാണ് കാണുന്നത്. ശുക്രെൻറ തൊട്ടുമുകളിലായി 17 ഡിഗ്രി ഉയരത്തിൽ തുലാം രാശിയിലാണ് വ്യാഴം. വലിയ ഗ്രഹമായതിനാൽ സാമാന്യം നല്ല തിളക്കത്തിൽതന്നെ വ്യാഴദർശനം സാധ്യമാകുന്നു. വ്യാഴത്തിൽനിന്ന് കിഴക്കുമാറി ധനുരാശിയിൽ ശനിയെയും അവിടുന്നും കിഴക്കുമാറി ചുവന്നഗ്രഹമായ ചൊവ്വയെയും നഗ്നനേത്രംകൊണ്ട് കാണാം. സൂര്യാസ്തമയം മുതൽ പുലർച്ച രണ്ടുവരെയായിരിക്കും വിസ്മയംചൊരിയുന്ന ഈ ആകാശക്കാഴ്ച ഉണ്ടാവുക. ശുക്രൻ രാത്രി എട്ടരവരെയും വ്യാഴം ഒമ്പതരവരെയും ശനി 11വരെയും ഉണ്ടാകും. ചൊവ്വ രണ്ടിന് അസ്തമിക്കും. നാലു ഗ്രഹങ്ങളും ഒരേ രേഖയിലായതിനാൽ കണ്ടുപിടിക്കാൻ പ്രയാസമില്ല. വ്യാഴാഴ്ച ശുക്രെൻറയും വ്യാഴത്തിെൻറയും ഇടയിൽ ചന്ദ്രൻ വിരുന്നെത്തുന്ന അപൂർവസൗന്ദര്യവും ദർശിക്കാം. വെള്ളിയാഴ്ച വ്യാഴത്തിനടുത്തായിരിക്കും ചന്ദ്രൻ ഉണ്ടാവുക. ഒക്ടോബർ ആദ്യവാരം വരെയായിരിക്കും ഈ അപൂർവ ആകാശവിരുന്ന് ഉണ്ടാവുക. ഗ്രഹക്കാഴ്ചകൾ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിന് പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയായിരിക്കും സൗകര്യം ഉണ്ടാവുക. ഫോൺ: 9446680876. ...................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.