ബസുകള്‍ ഓടുന്നില്ല, അധികാരികള്‍ക്ക് അനക്കമില്ല

മാഹി: കൃത്യമായി സര്‍വീസ് നടത്താതെ പുതുച്ചേരി സർക്കാരി​െൻറ പി.ആര്‍.ടി.സി ബസുകള്‍ മാഹി മേഖലയിൽ വിശ്രമിക്കുന്നു. ആവശ്യമായ ജീവനക്കാരില്ലാത്തതാണ് മുഖ്യ കാരണം. നാല് ബസുകൾക്ക് ആറ് ഡ്രൈവർമാരും ഒമ്പത് കണ്ടക്ടർമാരും രണ്ട് ഇൻസ്പെക്ടർമാരുമാണ് മാഹിയിലുള്ളത്. രണ്ട് ഇൻസ്പെക്ടർമാരും ഇപ്പോൾ പുതുച്ചേരിയിലാണുള്ളത്. കാലത്ത് 6.30 മുതൽ രാത്രി ഒമ്പതു മണിവരെ ഇവർക്ക് രണ്ട് ഷിഫ്റ്റ് ഡ്യൂട്ടിയാണ് ലഭിക്കുന്നത്. ഇതു പ്രകാരം മാസത്തിൽ 12 ദിവസമാണ് ഒരാൾ ജോലിക്കെത്തേണ്ടത്. സർവീസിൽ ഉൾപ്പെട്ട പെരിങ്ങാടി വഴിയുള്ള അവസാന ട്രിപ് ഒഴിവാക്കിയ നടപടിമൂലം ഈ റൂട്ടിൽ യാത്ര ചെയ്യേണ്ടവർ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും ഓട്ടോറിക്ഷകൾ ലഭിക്കാറുമില്ല. അതിനാൽ ട്രിപ് കാൻസൽ ചെയ്യുന്ന നടപടി പിൻവലിക്കണമെന്നാണ് യാത്രികരുടെ ആവശ്യം. ഡ്രൈവർമാരുടെ അഭാവമാണ് ബസ് കൃത്യമായി സർവീസ് നടത്താൻ ബുദ്ധിമുട്ടാവുന്നത്. നിരവധി ആളുകൾ എംപ്ലോയ്മൻറ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ടെങ്കിലും അനുകൂല ഉത്തരവുണ്ടാകുന്നില്ലെന്നാണ് ജീവനക്കാർ വിലപിക്കുന്നത്. വർഷങ്ങൾക്കു മുമ്പ്, മാഹിയിൽ എത്തിയ എം.ഡിയുടെ ശ്രദ്ധയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ സർവീസിൽനിന്ന് വിരമിച്ച ഡ്രൈവറെ നിയമിക്കാൻ ഉത്തരവ് നൽകി. ഇതി​െൻറ ബലത്തിൽ മൂന്ന് ട്രിപ് പിന്നിട്ടപ്പോൾ ഭരണകക്ഷി യുവജന സംഘടന റിട്ടയർ ചെയ്തവരെ നിയമിച്ചതായി ആരോപിച്ച് ബസ് തടഞ്ഞു. മാഹിയിൽ ബസ് സർവീസ് നഷ്ടത്തിലാണെന്ന് വിലയിരുത്തി കോർപറേഷൻ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നുമില്ലെന്നാണ് അറിയുന്നത്‌. പുതുച്ചേരിയിലേയും കാരക്കലിലേയും ജീവനക്കാർക്ക് നൽകിയതിനു ശേഷം മാസത്തിൽ 20നടുപ്പിച്ചാണത്രെ മാഹിയിലെ ശമ്പള വിതരണം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനു പുറമെ ടയർ ക്ഷാമവും കൃത്യമായ സർവീസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാഹിയിൽ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം ബസ് അറ്റകുറ്റപ്പണി നടത്തുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കാരണമാകുകയാണ്. കൃത്യമായി ഓടാത്തത് കാരണം ട്രിപ് ഓട്ടോ പോലുള്ള സമാന്തര സർവീസിനെ ആശ്രയിക്കുന്നതിന് യാത്രികർ നിർബന്ധിതരാവുകയാണ്. ഇന്നത്തെ സ്റ്റാഫിനെ നിലനിർത്തി എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽനിന്നോ കരാറടിസ്ഥാനത്തിലോ ചുരുങ്ങിയത് അഞ്ച് ഡ്രൈവർമാരുടെ പാനലിന് അംഗീകാരം നൽകിയാൽ മാഹി റെയിൽവേ സ്റ്റേഷനിൽനിന്ന് പള്ളൂർ വഴി പന്തക്കലിലേക്കുള്ള സർവുസ സുഗമമായി നടത്താൻ കഴിയും. മാഹി എം.എൽ.എ മാഹിയിലേക്ക് പുതുച്ചേരിയിൽനിന്ന് രണ്ട് പി.ആർ.ടി.സി മിനി ബസ് മാഹിയിലെത്തിക്കുമെന്ന് പറഞ്ഞത് യാത്രികർക്ക് ആശ്വാസമാവുകയാണ്. സർവീസ് സുഗമമായി നടത്തുന്നതിന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.