പശുവിനെ കുത്തിക്കൊന്നു ഇരിട്ടി: നാട്ടുകാരെ ഭീതിയിലാഴ്ത്തി മുഴക്കുന്നിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തിൽ പരിക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനംവകുപ്പിെൻറ ജീപ്പ് ആക്രമിക്കുകയും ചെയ്തു. ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽമൂലമാണ് രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ആറുമണിയോടെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് -ഹാജി റോഡിന് സമീപം കാട്ടാന ഇറങ്ങിയത്. രാവിലെ നടക്കാനിറങ്ങിയ വലിയപറമ്പിൽ പുരുഷോത്തമനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബുജോസഫും മുഴക്കുന്ന് എസ്.ഐ വിജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസും ആറളം വൈൽഡ്ലൈഫ് വാർഡൻ പി.കെ. അനൂപ് കുമാറിെൻറ നേതൃത്വത്തിൽ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി. പ്രദേശത്തെ ജനങ്ങൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് റോഡിലേക്ക് പലപ്രാവശ്യം കയറുകയും തിരിച്ച് പഴയസ്ഥലത്തുതന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഒരുതവണ പൊലീസ് ജീപ്പ് ആക്രമിക്കാനായി ഓടിയടുത്തെങ്കിലും പിന്തിരിഞ്ഞുപോവുകയായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ ഹാജിറോഡ് - അയ്യപ്പൻകാവ് റോഡിൽ ഇറങ്ങിയ കാട്ടാന വനംവകുപ്പിലെ രണ്ട് വാച്ചർമാർക്കുനേരെ ഓടിയടുത്തത് ആശങ്കക്കിടയാക്കി. അവസരോചിതമായി ഇടപെട്ട വനംവകുപ്പിെൻറ ജീപ്പ് ഡ്രൈവർ വാഹനം ആനയുടെ മുന്നിൽ തടയിട്ട് നിർത്തിയതിനാലാണ് വാച്ചർമാർ രക്ഷപ്പെട്ടത്. ആക്രമണം ജീപ്പിനുനേരെ അഴിച്ചുവിട്ടാണ് ആന കലിയടക്കിയത്. കൊമ്പുകൊണ്ട് ആഞ്ഞുകുത്തുകയും ജീപ്പ് തിരിച്ചിടുകയും ചെയ്തശേഷം ആന മാറിപ്പോവുകയായിരുന്നു. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന മമ്മാലി റിജേഷിെൻറ പശുവിനെ ആക്രമിച്ചുകൊന്നു. ഇതിനുമുമ്പും നിരവധിതവണ മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകളിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുമ്പ് മൃദംഗശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ ആന എത്തുകയും ഒരു ബൈക്ക് യാത്രികനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആറളം വനത്തിൽനിന്ന് ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെയെത്തുന്നത്. കഴിഞ്ഞദിവസം ഫാമിൽനിന്ന് തുരത്തിയ കാട്ടാനക്കൂട്ടത്തിൽനിന്ന് കൂട്ടംതെറ്റിയെത്തിയ കാട്ടാനയാണ് മുഴക്കുന്നിലെത്തിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ കാലവർഷത്തിലെ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ആറളം ഫാമിനെയും വനമേഖലയെയും വേർതിരിക്കുന്ന ആനമതിൽ നിരവധി സ്ഥലങ്ങളിൽ തകർന്നതോടെ ആനകൾക്ക് ഫാമിലും ജനവാസകേന്ദ്രത്തിലും ഇറങ്ങുന്നതിന് തടസ്സമില്ലാതായിരിക്കുകയാണ്. ഡി.എഫ്.ഒ സുനിൽ പാമടി, അസി. വൈൽഡ്ലൈഫ് വാർഡൻ കെ.വി. ജയപ്രകാശ്, ഫ്ലയിങ്സ്‌ക്വാഡ് റേഞ്ച് ഓഫിസർ പി. പ്രസാദ്, വെറ്ററിനറി ഡോക്ടർ അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, സി.ഐ രാജീവൻ വലിയവളപ്പിൽ, എസ്.ഐ അനിൽകുമാർ, മുഴക്കുന്ന് വനിത എസ്.ഐ ശ്യാമള, എസ്.ഐ രാജേഷ്, സീനിയർ സി.പി.ഒ ശശീന്ദ്രൻ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി. ആനയെ വനത്തിലേക്ക് കയറ്റിവിടാനാണ് വനംവകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.