നെൽപാടങ്ങളിൽ കാട്ടുപന്നിശല്യം; സാരി കവചമൊരുക്കി കർഷകർ

ചെർക്കള: നെൽവയലുകളിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. പലയിടങ്ങളിലും കൃഷിതന്നെ ഉപേക്ഷിച്ച കർഷകരുണ്ട്. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തുടരുമ്പോഴും സർക്കാറിൽനിന്ന് ഒരു സഹായവും ലഭിക്കാത്തതാണ് കൃഷി ഉപേക്ഷിക്കാനിടയാക്കുന്നത്. പന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ പലവഴികൾ തേടുകയാണ് കർഷകർ. വയലുകൾക്ക് ചുറ്റും സാരികൾ കൂട്ടിക്കെട്ടി കവചമൊരുക്കുന്നതാണ് ഇപ്പോഴത്തെ രീതി. പഴയ സാരികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴയ സാരി പണം കൊടുത്ത് തൂക്കിവാങ്ങാനും സൗകര്യമുണ്ട്. ചെങ്കള പഞ്ചായത്തിലെ പ്രധാന നെൽകൃഷി മേഖലകളായ പാടി, എടനീർ, മുളിയാറിലെ പൊവ്വൽ, പേരടുക്കം, പാത്തനടുക്കം ഭാഗങ്ങളിൽ സാരി കവചം വ്യാപകമായുണ്ട്. വയലി​െൻറ നാല് ഭാഗത്തും അടുത്തടുത്തായി കവുങ്ങിൻ തണ്ട് കീറി നാട്ടിയാണ് സാരികൾ വലിച്ചുകെട്ടുന്നത്. ഒാരോ വർഷം കഴിയുന്തോറും പന്നികൾ പെരുകുകയാണ്. പാലുറച്ചു തുടങ്ങിയ നെല്ലുകൾ തിന്നതിനുശേഷം വയലിൽ കിടന്നുരുണ്ട് കൃഷി നശിപ്പിക്കുകയാണ്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നവർക്ക് മാത്രമാണ് മൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇൻഷുറൻസ് തുകയായി സ​െൻറ് ഒന്നിന് ഒരു രൂപ പ്രകാരമാണ് അടക്കേണ്ടത്. 45 ദിവസം പ്രായമായ നെൽകൃഷിക്ക് ഹെക്ടറിന് 15,000 രൂപയും അതിൽ കൂടുതലുള്ളവക്ക് 35,000 രൂപയുമാണ് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.