കാഞ്ഞങ്ങാട്: കുട്ടികളെ വട്ടംകറക്കുന്ന ഗണിതസമസ്യകളെ രസകരമായ അനുഭവമാക്കി മാറ്റാൻ മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക ഗവ. യു.പി സ്കൂളിൽ ഗണിതലാബ് തയാറായി. കുട്ടികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും കണക്കിനെ അടുത്തറിയാനുള്ള വിഭവങ്ങളുമായി ആരംഭിച്ച ഗണിതക്കൂട് നിർമിച്ചത് കുട്ടികളുടെ അമ്മമാരാണ്. ഗണിത പസിലുകൾ, പാറ്റേണുകൾ, പ്രോജക്ടുകൾ എന്നിവക്കു പുറമെ പാഠപുസ്തകത്തിനകത്തെ എല്ലാ പ്രവർത്തനങ്ങളും ആസ്വാദ്യകരവും ലളിതവുമാക്കി കുട്ടികളിലെത്തിക്കാനാണ് ലക്ഷ്യം. സംഖ്യാബോധം ഉറപ്പിക്കാനുള്ള മുത്തുകളും ഗോലികളും, കളി ഉപകരണങ്ങൾ, സ്ഥാനവില ഉറപ്പിക്കാനുള്ള അരവിന്ദ് ഗുപ്ത കാർഡ്, ഏണിയും പാമ്പും കളി, ചതുഷ്ക്രിയ കട്ടകൾ, ലുഡോ ബോർഡുകൾ, സംഖ്യാപമ്പരം, പന്തേറു കളിക്കുള്ള ഉപകരണങ്ങൾ, കളിനോട്ടുകൾ, ഡാമിനോസ് തുടങ്ങി ഗണിതത്തെ അനുഭവിച്ചറിയാനുള്ള നിരവധി ഉപകരണങ്ങളാണുള്ളത്. ഇവ നിർമിക്കാനുള്ള പരിശീലനം സമഗ്രശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ നടന്നു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.വി. സീന അനിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് കെ.ജി. രജനി, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ബി.ആർ.സി പരിശീലകരായ കെ.വി. സുധ, സി.വി. സജീവൻ, പി. രാജഗോപാലൻ, സണ്ണി കെ. മാടായി, ലതിക നീലേശ്വരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.