പയ്യന്നൂർ: ഗെയിൽ വാതക പൈപ്പ്ലൈനിനുവേണ്ടി തകർത്ത നടപ്പാതകളും ഉഴുതുമറിച്ചിട്ട തോടുകളും പൂർവസ്ഥിതിയിലാക്കാത്തതിനാൽ ഭൂരിഭാഗം വയലുകളിലും രണ്ടാം വിളയും ഇറക്കാനാവില്ല. ഒന്നാംവിള ഇറക്കാത്ത വയലുകളിലെ തുടർ കൃഷിയും അനിശ്ചിതത്വത്തിലായത് ജില്ലയുടെ കാർഷിക അടിത്തറ തകരാൻ കാരണമാവുകയാണ്. മിക്ക പാടശേഖരങ്ങളിലും കൃഷിയിറക്കാനാവാതെ ദുരിതത്തിലാണ് കൃഷിക്കാർ. കടന്നപ്പള്ളി ഗ്രാമപഞ്ചാത്തിെൻറ പ്രധാന നെല്ലറകളായ മൂന്നു പാടശേഖരങ്ങളിലും ഗെയിൽ സമ്മാനിച്ചത് ദുരിതക്കടൽ. മഴ പെയ്തതോടെ വയലുകൾ കടലായിമാറുന്ന സ്ഥിതിയാണ് ഉണ്ടായത്. പൈപ്പുകളിട്ട ഉടൻ വയൽ പൂർവസ്ഥിതിയിലാക്കുമെന്നു പറഞ്ഞ ഗെയിൽ അധികൃതർ ഇപ്പോൾ തിരിഞ്ഞുനോക്കാത്തതാണ് കാരണം. കടന്നപ്പള്ളി വില്ലേജിൽ പാപ്പാംചാൽ വയലിലും വെള്ളാലത്തമ്പല പരിസരത്തുനിന്നും കിഴക്കേക്കര ഭാഗത്തേക്കും പോകാൻ രണ്ട് നടപ്പാതകൾ നിർമിച്ചിരുന്നു. മുറവിളിയെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഈ പാതകൾ നിർമിച്ചത്. ഇവ രണ്ടും ഗെയിൽ അധികൃതർ 20 മീറ്ററിലധികം കിളച്ചാണ് പൈപ്പിട്ടത്. ഈ ഭാഗം അറ്റകുറ്റപ്പണി ഭാഗികമായി മാത്രമാണ് നടത്തിയത്. ഇത് വയലിൽ വെള്ളം പരക്കാൻ കാരണമായി. മഴക്കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെ നടന്നുപോകുന്ന പാതയാണ് ഇതോടെ ഇല്ലാതായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കിഴക്കേക്കര എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ നാട്ടുകാർ നടന്നുപോകുന്ന പാതയാണ് ഗെയിലിെൻറ 'വികസന വിപ്ലവ'ത്തിൽ ഇല്ലാതായത്. ഇതിനു പുറേമ കടന്നപ്പള്ളി വയലിെൻറ പ്രധാന ജലസ്രോതസ്സായ തുമ്പോട്ട-വെള്ളിവളപ്പിൻ മൂല-കുറ്റ്യാട്ടും താഴെ തോടും ഉഴുതുമറിച്ചിട്ടു. കുറ്റ്യാട്ടുംതാഴെ, പാപ്പാംചാൽ, ആലക്കാം തോട്, ചോനിയംകുളം എന്നിവിടങ്ങളിൽ തോടിെൻറ ഇരു ഭിത്തികളും തകർത്താണ് പൈപ്പിട്ടത്. ഈ ഭാഗങ്ങളും പൂർണമായും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. മഴ കൂടിയതോടെ വെള്ളം തോട്ടിലൂടെ ഒഴുകാതെ വയലിൽ പരന്ന് വയൽ കടലായി മാറിയതായി കൃഷിക്കാർ പറയുന്നു. കൃഷിക്ക് മാത്രമല്ല നാടിനുകൂടി ഇത് ഭീഷണിയായി. ചില സ്ഥലങ്ങളിൽ ഭൂമി തുരന്നാണ് പൈപ്പിട്ടത്. തോട്, നടപ്പാത എന്നിവ കടന്നുപോകുന്ന സ്ഥലങ്ങളൽ തുരന്ന് പൈപ്പിട്ടിരുന്നുവെങ്കിൽ ഒരു പരിധിവരെ ദുരിതം ഒഴിവാക്കാമായിരുന്നു. വർഷകാലത്ത് വലിയ തോതിൽ വെള്ളം ഒഴുകുന്ന തോടാണിത്. ഏപ്രിൽ 30ന് മുമ്പ് വയൽ പൂർവസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുത്ത വയൽ മാത്രമല്ല, അവശേഷിക്കുന്ന വയലിൽകൂടി കൃഷിചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. വയൽ ഇല്ലാതാക്കിയതിനു പുറേമ ഗ്രാമങ്ങളുടെ പാരിസ്ഥിതിക സന്തുലനംകൂടിയാണ് ഗെയിൽ അധികൃതർ തകർത്തെറിഞ്ഞത്. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മൗനംപാലിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.