തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് വേണ്ടി ഇളമ്പച്ചിയിൽ ആരംഭിച്ച കെട്ടിടനിർമാണം പ്രാദേശിക സി.പി.എം നേതൃത്വം ഇടപെട്ട് തടഞ്ഞ സംഭവത്തിൽ മുസ്‌ലിം ലീഗ് വിട്ടുവീഴ്‍ചക്ക് തയാറെടുക്കുന്നു. അതേസമയം, അണികളിൽ ഇത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ബാക്കിരി മുക്കിൽ ചേർന്ന പ്രാദേശിക പ്രവർത്തകസമിതി യോഗത്തിലാണ് ജില്ല നേതൃത്വം നിലപാടുമാറ്റം അറിയിച്ചത്. എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ കെട്ടിടത്തിനായി അനുവദിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 12 സെൻറ് ഭൂമി വിട്ടുനൽകുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കരാറുകാരൻ സാധനസാമഗ്രികൾ ഇറക്കി കെട്ടിടം പണി തുടങ്ങാനിരിക്കെയാണ് സി.പി.എം ഇടപെടൽ. മുസ്‌ലിം ലീഗിെൻറ കൺവെൻഷനിലും നിലപാടുമാറ്റം പ്രതിഷേധമുണ്ടാക്കി. ഹൈമാസ്റ്റ് തെരുവുവിളക്ക് വിഷയത്തിൽ എം.എൽ.എ ഫണ്ട് നിരാകരിച്ചതുമായി ബന്ധപ്പെട്ട ക്ഷീണം തീർക്കാനാണ് ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കിയതെന്നും പറയുന്നു. ഇപ്പോൾ ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിടത്തിെൻറ പരിസരത്ത് ഫായിക്ക ഇൻഡോർ അക്കാദമിക്ക് തെക്കുഭാഗത്ത് കെട്ടിടം പണിയണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ഇളമ്പച്ചി കുടുംബക്ഷേമ ഉപകേന്ദ്രത്തിന് സമീപം കുടിവെള്ള ടാങ്ക് പരിസരത്താണ് പഞ്ചായത്ത് വിട്ടുനൽകിയ ഭൂമി. പണി ആരംഭിച്ചപ്പോഴാണ് പ്രതിഷേധവുമായി ഒരുവിഭാഗം പാർട്ടി പ്രവർത്തകർ എത്തിയത്. നേരത്തെ 'നിശ്ചയിച്ച' സ്ഥലത്തുതന്നെ കെട്ടിടം നിർമിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ആറുമാസം മുമ്പ് പണി നിർത്തിവെക്കുകയും ചെയ്തു. സ്ഥലം കണ്ടെത്തലും അനന്തര നടപടികളും സി.പി.എം അംഗങ്ങൾ ഉൾെപ്പടെയുള്ള ഭരണസമിതി ഏകകണ്ഠമായി കൈക്കൊണ്ടതാണെന്ന് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ബാവ വിശദീകരിച്ചിട്ടും സി.പി.എം സമ്മർദം തുടരുകയായിരുന്നു. ഏതാനുംചിലരുടെ താൽപര്യത്തിനനുസരിച്ച് ഒരു ജനോപകാര പ്രവൃത്തി നിർത്തിവെക്കേണ്ടിവരുന്നത് തെറ്റായസന്ദേശം നൽകുമെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്. മറ്റുചില നിർമാണ പ്രവൃത്തികളും ഇളമ്പച്ചി മേഖലയിൽ തടയപ്പെട്ടതായും പഞ്ചായത്തിലെ ഹരിതസേനക്ക് സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള ഷെഡിന് ചുറ്റുമതിൽ കെട്ടാൻപോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.