'സഹായപ്രളയം' നിലക്കുന്നില്ല; ബാക്കിയുള്ളത്​ അംഗൻവാടികൾക്ക്​

വൈ. ബഷീർ കണ്ണൂർ: പ്രളയ ദുരിതാശ്വാസത്തിനായി കിട്ടിക്കൊണ്ടിരിക്കുന്ന അവശ്യവസ്തുക്കളിൽ ക്യാമ്പുകളിലെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് അംഗൻവാടികൾക്കും പട്ടികവർഗ കോളനികൾക്കും നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച് അതത് ജില്ല കലക്ടർക്ക് സർക്കാർ നിർദേശം ലഭിച്ചു. വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഭൂരിപക്ഷവും പിരിച്ചുവിട്ട് ദുരന്തബാധിതർ വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. എന്നാൽ, സഹായപ്രവാഹം നിലച്ചിട്ടില്ല. വസ്തുക്കൾക്കുപകരം പണം മതിയെന്ന് നിർദേശം നൽകിയെങ്കിലും പലരും ഇപ്പോഴും സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വസ്തുക്കൾ കലക്ടറേറ്റിലും റെയിൽേവ സ്റ്റേഷനുകളിലും മറ്റും കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഇങ്ങനെ കിടക്കുന്ന സാധനങ്ങളിൽ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വയനാട്, അട്ടപ്പാടി, നിലമ്പൂർ, ഇടുക്കി, ആറളംഫാം എന്നിവിടങ്ങളജിലെ ദുരന്തബാധിതരായ പട്ടികവർഗത്തിൽപെട്ട കുടുംബങ്ങൾക്കാണ് നൽകുക. ബെഡ് ഷീറ്റ്, പുതപ്പ്, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സോപ്പുകൾ, മാറ്റുകൾ, ബെഡുകൾ, തലയിണ, ചൂലുകൾ, പാത്രങ്ങൾ, മെഴുകുതിരി, ഗ്ലാസുകൾ, കപ്പുകൾ, സൗരോർജവിളക്കുകൾ തുടങ്ങി 31 ഇനം വസ്തുക്കൾ ഇത്തരത്തിൽ വിതരണം ചെയ്യാനാണ് നിർദേശം. ആദ്യമെത്തുന്നവർക്ക് ആദ്യം എന്നനിലയിലാണ് നൽകുക. കണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പുകളെല്ലാം പൂട്ടി. കലക്ടറേറ്റിൽ വന്ന നൂറിലേറെ ലോറി സാധനങ്ങൾ മറ്റു ജില്ലകളിലേക്കയച്ചു. എന്നിട്ടും സാധനങ്ങൾ ബാക്കിയാണ്. പുതിയ നിർദേശമനുസരിച്ച് ബാക്കിയുള്ള സാധനങ്ങളിൽ ഒരുവിഹിതം ആറളം ഫാമുകളിലെ പട്ടികവർഗ കുടുംബങ്ങൾക്ക് കഴിഞ്ഞദിവസം എത്തിച്ചുകൊടുത്തു. ബേബി ഫുഡുകൾ, പാൽപൊടികൾ, ബിസ്കറ്റുകൾ, പായസക്കൂട്ട്, ശർക്കര എന്നിവയാണ് അംഗൻവാടികൾക്ക് നൽകുന്നത്. ഇവ സാമൂഹികനീതി വകുപ്പ് കലക്ടറേറ്റുകളിൽനിന്ന് കൈപ്പറ്റി അംഗൻവാടികളിൽ എത്തിക്കും. ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനുമുമ്പ് അവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താനും അംഗൻവാടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.