ദുരിതാശ്വാസനിധിയിലേക്ക് തളിപ്പറമ്പ് നഗരസഭ 10 ലക്ഷം നൽകും

തളിപ്പറമ്പ്: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി തളിപ്പറമ്പ് നഗരസഭ തനത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ നൽകും. കൂടാതെ ഒമ്പത്, 10 തീയതികളിൽ ഓരോ വാർഡിലും വീടുകൾ കയറി ഫണ്ട് ശേഖരണം നടത്താനും നഗരസഭ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. പ്രളയക്കെടുതി പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്താനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക കൗൺസിൽ യോഗം ചേർന്നത്. ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ചെയർമാൻ അടക്കമുള്ള മുഴുവൻ കൗൺസിലർമാരുടെയും ജീവനക്കാരുടെയും ഒരു മാസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണ് നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 10 ലക്ഷം നൽകാൻ തീരുമാനിച്ചത്. ചെങ്ങന്നൂരിൽ പ്രളയബാധിതരായ 12,000 വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും പഠനോപകരണങ്ങളും നൽകും. ബുധനാഴ്ച തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി സഹായധനം ശേഖരിക്കും. ഇവ പിന്നീട് 13ന് വൈകീട്ട് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.