സാർഥകം ഈ നാടക ജീവിതം

പയ്യന്നൂർ: അധ്യാപനത്തോടൊപ്പം, അന്യംനിന്ന ഗ്രാമീണ നാടകവേദിയെ ചലനാത്മകമാക്കാൻ ജീവിതം മാറ്റിവെച്ച കെ.കെ. സുരേഷിന് അർഹതക്കുള്ള അംഗീകാരമാവുകയാണ് സംസ്ഥാന സർക്കാറി​െൻറ മുണ്ടശ്ശേരി അവാർഡ്. സുരേഷി​െൻറ കുന്ന്, കഞ്ഞി, ഒറ്റുകാരൻ, സുഹൃത്ത്, ദുരന്തഭൂമിയിൽനിന്ന് എന്നീ അഞ്ച് നാടകങ്ങൾ ഉൾപ്പെടുന്ന നാടകക്കൂട് എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. അധ്യാപക ദിനത്തിൽ സുരേഷ് വിദ്യാഭ്യാസ മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. കടന്നപ്പള്ളി യു.പി സ്കൂൾ അധ്യാപകനായ സുരേഷ് നടൻ, നാടകകൃത്ത്, സംവിധായകൻ തുടങ്ങി അരങ്ങി​െൻറ സർവ മേഖലകളിലും കാൽനൂറ്റാണ്ടിലധികമായി സക്രിയ സാന്നിധ്യമാണ്. സ്കൂൾ, കോളജ് കലോത്സവങ്ങൾക്കും കേരളോത്സവങ്ങൾക്കുമായി നിരവധി നാടകങ്ങൾ ഒരുക്കി അംഗീകാരം നേടിയിട്ടുണ്ട്. ജില്ലയിലെ നിറംമങ്ങിയ അമച്വർ നാടക പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഈ നാടകക്കാര‍​െൻറ പങ്ക് ചെറുതല്ല. നിരവധി ഗ്രാമീണ കലാസമിതികൾക്കുവേണ്ടി നാടകം എഴുതിയും സംവിധാനം ചെയ്തും അരങ്ങിൽ വേഷം ചെയ്തും നാടകത്തെ തിരിച്ചുകൊണ്ടുവരാൻ ഈ കലാകാരൻ മുൻനിരയിൽ യത്നിച്ചു. കോഴിക്കോട് ചിരന്തനയിലെ ഹ്രസ്വകാല പ്രഫഷനൽ നാടക പരിചയം അമച്വർ നാടക പ്രസ്ഥാനത്തി​െൻറ പുനർനിർമിതിക്ക് സഹായകമായി. ക്ലാസ്മുറിയെ നാടകശാല കൂടിയാക്കി മാറ്റിയെടുക്കാമെന്ന് സുരേഷ് അധ്യാപക ജീവിതം കൊണ്ട് തെളിയിച്ചു. വിദ്യാലയ പരിസരവും ക്ലാസ്മുറികളുമാണ് നാടകക്കൂട് എന്ന സമാഹാരത്തിലെ ആദ്യത്തെ നാലു നാടകങ്ങളുടെയും പിറവിക്ക് പിന്നിൽ. എല്ലാ കഥാപാത്രങ്ങളുടെയും പേരുകൾ മുന്നിലിരുന്ന കുട്ടികളുടേതാണ്. അവരുടെ ഉറച്ച സംസാരമാണ് സംഭാഷണങ്ങളായി പിറന്നുവീണത്. വിദ്യാർഥികളിൽ സംഘബോധം, ആത്മവിശ്വാസം, ധൈര്യം, കാര്യക്ഷമത, പ്രവർത്തനശേഷി എന്നിവ വർധിപ്പിക്കാൻ നാടകത്തിന് കഴിയുമെന്ന് സുരേഷ് വിശ്വസിക്കുന്നു. 2011ൽ പി.ജെ. ആൻറണി നാടക രചന പ്രോത്സാഹന പുരസ്കാരം, 2013ൽ വിദ്യാരംഗം സാഹിത്യവേദി സംസ്ഥാന നാടക രചന അവാർഡ്, അധ്യാപക കലാമേളകളിലെ അംഗീകാരങ്ങൾ തുടങ്ങിയവ സുരേഷിനെ തേടിയെത്തി. നാടകക്കൂടിനുപുറമെ നാടകക്കളി, ചരിത്രം വർത്തമാനം എന്നീ കൃതികളുടെ കൂടി രചയിതാവാണ്. കടന്നപ്പള്ളി തെക്കേക്കരയിലെ പി.ടി. ഗോവിന്ദൻ നമ്പ്യാരുടെയും കെ.കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. രാഗിണി ഭാര്യയും വിദ്യാർഥികളായ ശ്രീലക്ഷ്മി, അനുലക്ഷ്മി എന്നിവർ മക്കളുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.