കണ്ണൂർ: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമത്തിന് മാതൃകയായി കുഞ്ഞിമംഗലം ചെമ്മട്ടില ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. തങ്ങളുടെ മഹല്ല് പരിധിയിലുള്ള 150ലേറെ വീടുകളിൽനിന്ന് ജമാഅത്ത് കമ്മിറ്റി സ്വരൂപിച്ചത് 2,45,470 രൂപ. മഹല്ല് കമ്മിറ്റി പിരിച്ചെടുത്ത തുക പ്രസിഡൻറ് നൂരിശാ തങ്ങൾ, ട്രഷറർ ഉസൈനാർ എന്നിവർ കലക്ടറേറ്റിലെത്തി എ.ഡി.എം ഇ. മുഹമ്മദ് യൂസുഫിന് കൈമാറി. പള്ളി കമ്മിറ്റി ജനറൽ ബോഡി ചേർന്നാണ് വീടുകളിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കാൻ തീരുമാനമെടുത്തത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായി മഹല്ലിലെ മുഴുവൻ വീടുകളും സന്ദർശിക്കുകയും തുക സമാഹരിക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. ഓരോ വീട്ടിലും ഒരു കവർ നൽകിയാണ് സംഘം മടങ്ങിയത്. വീടുകളിൽനിന്ന് എല്ലാ കവറുകളും പണവുമായി തിരികെയെത്തി. രണ്ട് കവറുകളിൽ പണത്തിനു പകരം സ്വർണവും ലഭിച്ചു. അവ വിറ്റുകിട്ടിയ പണം കൂട്ടിച്ചേർത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതെന്ന് പ്രസിഡൻറ് പറഞ്ഞു. പ്രളയക്കെടുതി തുടങ്ങിയ ഉടൻതന്നെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നതിന് വീടുകളിൽനിന്ന് ഒന്നരലക്ഷം രൂപയുടെ റിലീഫ് സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് അയച്ചിരുന്നു. പള്ളി ഇമാം അബ്്ദുറഹ്മാൻ ബാഖവിയുടെ ആഹ്വാനപ്രകാരം മഹല്ലുകാർ അരിയും പുതിയ വസ്ത്രങ്ങളും മറ്റുമായി സാധനങ്ങൾ പള്ളിയിലെത്തിക്കുകയായിരുന്നു. കുടുംബങ്ങൾ അവരുടെ പെരുന്നാൾ ആഘോഷങ്ങളും മറ്റും മാറ്റിെവച്ചാണ് അതിനായി കരുതിെവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്ന് സെക്രട്ടറി അന്ന യാഖൂബ് പറഞ്ഞു. പള്ളിക്കമ്മിറ്റികളിലെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം ക്ഷേത്രമുറ്റത്താണ് ഉദ്ഘാടനംചെയ്തത്. പള്ളിയുടെ 100 മീറ്റർ മാത്രം അകലെയുള്ള പുറത്തെരുവത്ത് മുച്ചിലോട്ടു ഭഗവതി ക്ഷേത്രം സെക്രട്ടറി പി.വി. തമ്പാനിൽനിന്ന് സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു ഇത്. ക്ഷേത്രവുമായി തങ്ങൾക്കുള്ള ബന്ധം ചിരപുരാതനമാണെന്നും 13 വർഷത്തിലൊരിക്കൽ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന് പഞ്ചസാര നൽകുന്ന ചടങ്ങ് ഇപ്പോഴും നിലവിലുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.