കൂത്തുപറമ്പ്: പാട്യം കൊളുത്തുപറമ്പിൽ കുടികിടപ്പവകാശം നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ സ്ഥലം അളന്ന് കൊടിനാട്ടി. സ്ഥലത്ത് കുടിൽകെട്ടി താമസിക്കുന്ന തമിഴ്നാട് സ്വദേശി ചിന്നസ്വാമിക്ക് ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടികുത്തിയിട്ടുള്ളത്. കരിങ്കൽ ക്വാറി തൊഴിലാളിയായിരുന്ന ചിന്നസ്വാമിയും കുടുംബവും 40 വർഷത്തോളമായി പാട്യം പഞ്ചായത്തിലെ കൊളുത്തുപറമ്പിലാണ് കുടിൽകെട്ടി താമസിച്ചുവരുന്നത്. ക്വാറി ഉടമയായിരുന്ന പരേതനായ മേപ്പാടൻ വാസുവിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താമസം. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ചിന്നസ്വാമിക്ക് സ്വന്തം സ്ഥലമോ വാസയോഗ്യമായ വീടോ എടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിനിടയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാട്യം പഞ്ചായത്ത് ചിന്നസ്വാമിയുടെ കുടുംബത്തിന് വീട് അനുവദിച്ചിരുന്നു. എന്നാൽ, സ്വന്തമായി ഭൂമി ഇല്ലാത്തതിനെ തുടർന്ന് വീട് നിർമാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ കുടികിടപ്പ് നിയമപ്രകാരം സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് ചിന്നസ്വാമി പരാതിയും നൽകി. സ്ഥലം വിട്ടുനൽകണമെന്ന് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ നിർദേശിച്ചിട്ടും വിട്ടുനൽകാൻ ഇപ്പോഴത്തെ അവകാശികൾ തയാറായിരുന്നില്ല. പ്രശ്നത്തിന് പരിഹാരമാകാത്ത സാഹചര്യത്തിലാണ് സി.പി.എം ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്ത് സെൻറ് സ്ഥലം അളന്ന് വേലികെട്ടി കൊടിനാട്ടിയിട്ടുള്ളത്. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബത്തിന് കുടികിടപ്പ് അവകാശമായി കിട്ടേണ്ട ഭൂമി നൽകാത്ത സാഹചര്യത്തിലാണ് പാർട്ടി കൊടിനാട്ടിയതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. മുൻ പാട്യം പഞ്ചായത്ത് പ്രസിഡൻറും സി.പി.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗവുമായ വി.രാജൻ, എം.സി. രാഘവൻ, എ.ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിനാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.