മലബാർ റിവർ ക്രൂയിസ്​ ടൂറിസം പദ്ധതി: കേന്ദ്രം 80.37 കോടി അനുവദിച്ചു

കണ്ണൂർ: കേരളത്തിെല ഉൾനാടൻ ജലഗതാഗത വികസനവും സാംസ്കാരിക-ജല ടൂറിസവും ലക്ഷ്യമിട്ടുള്ള മലബാർ റിവർ ക്രൂയിസ് പദ്ധതിക്ക് കേന്ദ്രസർക്കാർ 80.37 കോടി രൂപ അനുവദിച്ചു. സ്വദേശി ദർശൻ സ്കീമിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. പദ്ധതിക്കായി നേരത്തെ കേന്ദ്രസർക്കാർ 53 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ തുക അനുവദിച്ചത്. പരിസ്ഥിതിയും പൈതൃകവും സംരക്ഷിച്ച് വിനോദ-വിജ്ഞാന യാത്രാസംവിധാനമൊരുക്കുന്ന രാജ്യത്തെ ഏറ്റവും വിപുലമായ പദ്ധതികളിലൊന്നാണ് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി. പദ്ധതിയുടെ നിർമാണപ്രവൃത്തി കഴിഞ്ഞ ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലയിലെ ഏറ്റവും വലിയ നദിയായ വളപട്ടണം പുഴ-കുപ്പം നദി, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി നദികളും കാസർകോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി. ഇതി​െൻറ ഭാഗമായി മൂന്നു പ്രധാന ജലയാത്രകളുമുണ്ട്. മലബാറി പാചകം പ്രമേയമാക്കിയുള്ള മുത്തപ്പൻ ക്രൂസ് വളപട്ടണം മുതൽ മുനമ്പ്കടവുവരെയുള്ളള 40 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയാണ്. വളപട്ടണം മുതൽ പഴയങ്ങാടിവരെയുള്ള തെയ്യം യാത്ര, കുപ്പം നദിയിൽ പഴയങ്ങാടി മുതൽ കുപ്പംവരെയുള്ള 16 കിലോമീറ്റർ ദൈർഘ്യമുള്ള കണ്ടൽക്കാട് യാത്രകൾ എന്നിവയാണ് പദ്ധതിയിലെ മറ്റ് യാത്രകൾ. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പാസഞ്ചർ ടെർമിനലുകൾ, ബോട്ടുജെട്ടികൾ, വള്ളംകളി കാണാനുള്ള ഗാലറികൾ, ചിൽഡ്രൻസ് പാർക്കുകൾ, കരകൗശല സ്റ്റാളുകൾ, നാടൻവിഭവങ്ങൾ ലഭിക്കുന്ന ഒഴുകുന്ന മാർക്കറ്റുകൾ എന്നിവയുണ്ടാകും. ഭാവിയിൽ സംസ്ഥാനത്തെ 44 നദികളും പദ്ധതിയിൽ ഉൾക്കൊള്ളിക്കും. വിവിധ തുരുത്തുകളും പദ്ധതിയുടെ ഭാഗമാക്കും. പൊതു-സ്വകാര്യ പദ്ധതിയായാണ് മലബാർ റിവർ ക്രൂയിസം പദ്ധതി നടപ്പിലാക്കുന്നത്. 325 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.