ഉരുവച്ചാൽ: സഹപാഠികൾക്ക് സ്നേഹവീടൊരുക്കാൻ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് ഒരുങ്ങി. ഭവനരഹിതരായ മൂന്നു സഹപാഠികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ. നാടുവനാട്ടെ മുഹമ്മദ് റാഫി-ഖദീജ ദമ്പതികളുടെ നാല് മക്കളിൽ മൂന്നുപേരും ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. ഒരാൾ നടുവനാട് എൽ.പി സ്കൂളിലുമാണ് പഠിക്കുന്നത്. കൂലി പ്പണിക്കാരനായ കുട്ടികളുടെ പിതാവ് മുഹമ്മദ് റാഫി ഹൃദയസംബന്ധമായ ചികിത്സയിലായതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്. ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നിന്നും പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിച്ച തുക ഉപയോഗിച്ച് നിർമാണം തുടങ്ങിയ വീട് പാതിവഴിയിൽ നിലച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട് നിർമാണം മുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. പൂർത്തിയാകാത്ത വീട്ടിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങുന്ന ഈ ആറംഗ കുടുംബം ഇതുവരെ കഴിഞ്ഞിരുന്നത്. ഇപ്പോൾ ആദ്യം സമീപത്തുള്ള വാടകവീട്ടിലേക്കു മാറി. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് കുടുംബം കഴിയുന്നത്. ഈ കുടുംബത്തിെൻറ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് സ്കൂളിലെ നാഷനൽ സർവിസ് സ്‌കീം വീട് നിർമാണം പൂർത്തീകരിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതിനുവേണ്ട സാമ്പത്തികം കണ്ടെത്താൻ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് സ്കൂളിലെ നൂറോളം എൻ.എസ്.എസ് വളൻറിയർമാർ. വീടുപണി പൂർത്തീകരിക്കാൻവേണ്ടി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇരിട്ടി മുനിസിപ്പൽ ചെയർമാൻ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും നടുവനാട് വാർഡ് കൗൺസിലർ ചെയർമാനായും പ്രോഗ്രാം ഓഫിസർ കൺവീനറുമാണ്. ധനശേഖരണത്തിനായി നടുവനാട് വാർഡ് കൗൺസിലർ പി.വി.മോഹനൻ, എൻ.എസ്.എസ് പ്രാഗ്രാം ഓഫിസർ ഷിനോയ് എന്നിവരുടെ പേരിൽ മട്ടന്നൂർ കനറാ ബാങ്കിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഓർഗനൈസിങ് കമ്മിറ്റി, സ്‌നേഹവീട്, കനറാ ബാങ്ക്, മട്ടന്നൂർ അക്കൗണ്ട് നമ്പർ:3156101007716 IFSC:CNRB0003156.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.