കണ്ണൂർ: ഉരുൾപൊട്ടലിന് കാരണം കരിങ്കൽ ക്വാറികളുടെ വ്യാപ്തിയാണെന്ന പരാതി നിലനിൽക്കെ കാലവർഷത്തിൽ ഏർപ്പെടുത്തിയ കരിങ്കൽ ക്വാറികളുടെ നിരോധനം പിൻവലിച്ചു. ക്വാറി ഉടമകളിൽനിന്നുള്ള സമ്മർദമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം, കാലവർഷത്തിെൻറ രൂക്ഷത കുറഞ്ഞതുകൊണ്ടാണ് നിരോധനം ചൊവ്വാഴ്ച മുതൽ നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കുന്നതെന്നാണ് ജില്ല കലക്ടറുടെ ഉത്തരവിൽ പറയുന്നത്. ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാനിലെ നിബന്ധനപ്രകാരം തുടർച്ചയായി 48 മണിക്കൂർ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് 24 മണിക്കൂർ പൂർണമായി മഴരഹിതമായ സാഹചര്യമുണ്ട് എന്ന് ബന്ധപ്പെട്ട തഹസിൽദാർമാർ സാക്ഷ്യപ്പെടുത്തിയാൽ മാത്രം ക്വാറി പ്രവർത്തനം പുനരാരംഭിക്കാമെന്നാണ് പുതിയ നിർദേശം. മഴ പെയ്യാത്ത സാഹചര്യത്തിലും ഞായറാഴ്ച രാത്രി ആറളം ചീങ്കണ്ണിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വനത്തിൽ ഉരുൾപൊട്ടിയതാണെന്ന് വ്യക്തമായ ഇൗ അനുഭവമാണിത്. ഉരുൾപൊട്ടൽ മേഖലയിൽ ഖനന പ്രത്യാഘാതം എത്രത്തോളമുണ്ടായെന്ന് സർക്കാർ വിദഗ്ധപഠനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് കരിങ്കൽ ക്വാറികളുടെ നിരോധനം പിൻവലിച്ചത്. നിർമാണമേഖലക്ക് ക്വാറികളുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാൽ, അനിയന്ത്രിതമായും പരിസ്ഥിതിലോല മേഖലകളിലും ക്വാറികൾക്ക് അനുമതിനൽകിയത് സൂക്ഷ്മമായി പുനഃപരിശോധിക്കണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. ചെങ്കൽ ക്വാറികൾക്ക് ഏർപ്പെടുത്തിയ നിരോധനം ആഗസ്റ്റ് 30ന് പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.