കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ മുന്നേറുമ്പോൾ നിറഞ്ഞ ചാരിതാർഥ്യത്തോടെ എല്ലാ മുന്നേറ്റങ്ങളുടെയും അമരക്കാരനായി കൊടക്കാട് നാരായണൻ മാസ്റ്ററുണ്ട്. കാഞ്ഞങ്ങാട് നഗരസഭ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച സ്കൂളിെൻറ പ്രധാനാധ്യാപകനായി കൊടക്കാട് മാഷിനെ നിയമിക്കുകയായിരുന്നു. ചുമതലയേറ്റ ഉടൻ 'സ്വപ്ന വൃക്ഷം' വരച്ചാണ് തുടക്കം കുറിച്ചത്. ഭൗതികവും അക്കാദമികവും സാമൂഹികവുമായ എല്ലാ വികസന പദ്ധതികളും ഈ വൃക്ഷത്തിൽ ശാഖകളായും ഇലകളായും വരും. വൃക്ഷം നിറയെ ഫലങ്ങൾ കായ്ച്ച് നൂറുമേനി വിളയുന്നതുവരെ വിശ്രമമില്ലെന്നാണ് തീരുമാനം. സമാനമായ രീതിയിൽ കൂട്ടക്കനി, അരയി, കാഞ്ഞിരപ്പൊയിൽ, മുഴക്കോം മൗക്കോട്, ബാര, ചാത്തൈങ്ക എന്നീ സ്കൂളുകളിലും പ്രവർത്തനങ്ങൾ വിജയം കണ്ടു. 'മേലാങ്കോട്ട് മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി പദ്ധതികൾക്ക് തുടക്കമിട്ടു. വിദ്യാർഥികളെ മാത്രമല്ല, രക്ഷിതാക്കളെയും പൂർവവിദ്യാർഥികളെയും നാട്ടുകാരെയുമെല്ലാം സ്കൂളിെൻറ മുന്നേറ്റത്തിനായി അണിനിരത്താൻ മാഷിന് സാധിച്ചു. സ്കൂളിെൻറ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു കൊടക്കാട് മാഷ്. ആറ് ക്ലാസ് മുറികളും വിശാലമായ ഹാളും ഇരുപത് ടോയ്ലറ്റും ഉൾപ്പെടുത്തി രണ്ടരക്കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ഭരണാനുമതിയും ലഭിച്ചു. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ മേലാങ്കോട്ടിെൻറ മുഖം തന്നെ മാറും. അധ്യാപക രക്ഷാകർതൃ സമിതിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളായിലായിരുന്നു അടുത്ത ഊന്നൽ. ഓരോ ക്ലാസിനും പ്രത്യേകമായി വാട്സ് ആപ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ചങ്ങലയിലെ കണ്ണികളാക്കി. പരിഗണന കൂടുതൽ ആവശ്യമുള്ള കുട്ടികൾക്ക് രാത്രി ഒമ്പത് വരെ ഹരിത പട്ടാളം എന്ന പേരിൽ പ്രത്യേകം പരിശീലന ക്ലാസുകൾ, അവധി ദിവസങ്ങളിൽ പ്രത്യേകം ക്ലാസുകൾ, പരിശ്രമത്തിലൂടെ ജീവിതവിജയം നേടിയ വ്യക്തികളുമായി സംവാദം അങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് കൊടക്കാട് മാഷിെൻറ നേതൃത്വത്തിൽ നടക്കുന്നത്. സ്കൂളിൽ സ്മൃതിപഥം ചരിത്രയാത്ര നടത്തി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി. 1,31,010 രൂപ സമാഹരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ്, പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ, പാലക്കുന്ന് പാഠശാലയുടെ സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്ന കൊടക്കാട് മാഷ് അധ്യാപകനെന്ന വാക്കിെൻറ മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.