കണ്ണൂർ: ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് എല്ലാ വകുപ്പുകളുടെയും സമഗ്ര വിവരങ്ങൾ മലയാളത്തിൽ കൂടി ഉൾപ്പെടുത്തി ദ് വിഭാഷ സൈറ്റാക്കി മാറ്റാൻ ഔദ്യോഗിക ഭാഷ ൈത്രമാസ അവലോകന യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളെയും സംബന്ധിച്ച വിവരങ്ങൾ, ലഭ്യമാക്കുന്ന സേവനങ്ങൾ, ഓഫിസ് വിശദാംശങ്ങൾ എന്നിവ മലയാളത്തിൽ യൂനിക്കോഡിൽ തയാറാക്കി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. ഉള്ളടക്കം പരിശോധിച്ച് വെബ്സൈറ്റിൽ ചേർക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി. വെബ്സൈറ്റിൽ സമഗ്രമായ വിവരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയിലേക്ക് ഭരണ സംവിധാനം മാറുമ്പോൾ ചില വകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ മലയാളത്തിലുണ്ടായിരുന്ന കാര്യങ്ങൾ ഇംഗ്ലീഷിലേക്ക് മാറുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഭാഷ വകുപ്പിലെ ഭാഷ വിദഗ്ധൻ ആർ. ശിവകുമാർ പറഞ്ഞു. ഇത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷ മലയാളത്തിലേക്ക് മാറിയെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിലെയും എസ്റ്റിമേറ്റ്, കരാർ എന്നിവ ഇപ്പോഴും ഇംഗ്ലീഷിലാണ് തയാറാക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം കെ.പി. ചന്ദ്രൻ മാസ്റ്റർ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഭാഷാമാറ്റ പുരോഗതി യോഗം അവലോകനം ചെയ്തു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറാഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു. ബാബുഗോപിനാഥ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. .പത്്മനാഭൻ എന്നിവർ സംസാരിച്ചു. ബി.ജി. ധനയൻ സ്വാഗതവും ശിരസ്തദാർ പി.വി. അശോകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.