പയ്യന്നൂർ: എഫ്.സി.ഐ ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ നൂറുകണക്കിന് ചാക്ക് അരി കത്തിനശിച്ചു. പയ്യന്നൂർ കൊറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ സി ബ്ലോക്കിലെ നാലാം നമ്പർ ഗോഡൗണിലാന്ന് തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ച 20000ത്തോളം ചാക്ക് അരിയിൽ 500ഓളം ചാക്ക് കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. വൈകീട്ട് അഞ്ചിന് തൊഴിലാളികൾ ജോലി കഴിഞ്ഞ് പോയതിനാൽ ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരും ചില ഓഫിസ് ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്. ഗോഡൗണിനകത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ, ലീഡിങ് ഫയർമാൻ പി. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണിനകത്ത് പോളിത്തീൻ ഷീറ്റ് പൊതിഞ്ഞ നിലയിലായിരുന്നു ചണ ചാക്കിൽ നിറച്ച അരിയുണ്ടായിരുന്നത്. ഷീറ്റിനും ചാക്കിനുമാണ് ആദ്യം തീപിടിച്ചത്. പുക ഉയരുന്നതുകണ്ട ഉടൻ ഗോഡൗണിലുണ്ടായിരുന്നവർ ഗോഡൗണിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് അണക്കാൻ ശ്രമിച്ചതിനാൽ തീ കൂടുതൽ പടരുന്നത് ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ കൃത്യമായ നഷ്ടം തിട്ടപ്പെടുത്താനാവൂവെന്ന് ഗോഡൗൺ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.