മലയോര ഹൈവേ പലയിടത്തും തകർന്നു; യാത്ര ദുരിതത്തിൽ

ശ്രീകണ്ഠപുരം: കനത്ത മഴയിലും ഉരുൾപൊട്ടലിലും തകർന്ന മലയോര ഹൈവേയിൽ ദുരിതയാത്ര. മഴയെ തുടർന്ന് നിർത്തിയ പാതയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചില്ല. ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വൻനാശമാണ് മലയോര ഹൈവേയിൽ ഉണ്ടായത്. പണി ഏറക്കുറെ പൂർത്തിയായ പലയിടങ്ങളിലും റോഡി​െൻറ ഭാഗങ്ങൾ തകർന്നിരിക്കുകയാണ്. പാതി പണിതീർന്ന ചെമ്പേരി-പുറഞ്ഞാൺ-വേങ്കുന്ന് കവല റോഡിലാണ് വൻ നാശമുണ്ടായത്. ഇവിടെ റോഡിലെ ടാറിങ്ങും പാർശ്വഭാഗവും തകർന്നു. മുണ്ടാനൂർ ഭാഗത്തും പാർശ്വഭിത്തി ഇടിഞ്ഞു. ചെറുപുഴ മുതൽ വള്ളിത്തോട് വരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ഏറക്കുറെ പണി പൂർത്തിയാക്കി വരുന്നതിനിടയിലാണ് പ്രളയവും മലവെള്ളപ്പാച്ചിലും വൻ ദുരിതമുണ്ടാക്കിയത്. പയ്യാവൂർ -ഉളിക്കൽ റോഡിലെ പല ഭാഗങ്ങളിലും മലയോര ഹൈവേയുടെ വശങ്ങൾ ഇടിഞ്ഞതിനാൽ അപകടക്കെണിയാണ് നിലവിലുള്ളത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് മിക്കയിടത്തും. ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.