മത്സ്യത്തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം നൽകി

കണ്ണൂർ: പ്രളയദുരന്തത്തിൽപ്പെട്ട ചാലക്കുടിയിൽ രക്ഷാപ്രവർത്തനം നടത്തിയ കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സമാഹരിച്ചു നൽകി. ആയിക്കരയിലെ 100 തോണിക്കാരുൾപ്പെട്ട പരമ്പരാഗത ചെറുതോണി മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയാണ് ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച രണ്ടു ലക്ഷം രൂപ ജില്ല കലക്ടർ മിർ മുഹമ്മദലിക്ക് കൈമാറിയത്. പ്രസിഡൻറ് സി.പി. അഷ്റഫ്, സെക്രട്ടറി എസ്. ബിജോയ്, ട്രഷറർ ജോസഫ് റോച്ച, സലാം, സുഗുണൻ എന്നിവർ ചേർന്നാണ് പണം കൈമാറിയത്. സംഘടനയിലെ ഒമ്പത് മത്സ്യത്തൊഴിലാളികൾ നാല് ബോട്ടുകളിലായാണ് ചാലക്കുടിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഒരു തോണി തകർന്നെങ്കിലും ഇത് സംഘടനതന്നെ നന്നാക്കിക്കൊടുക്കാനാണ് തീരുമാനം. തോണി നന്നാക്കാനുള്ള സർക്കാർ സഹായം വേണ്ടെന്ന് എഴുതി നൽകിയതായി സെക്രട്ടറി എസ്. ബിജോയ് അറിയിച്ചു. ദുരിതാശ്വാസം: കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ കൈമാറി കണ്ണൂർ: പ്രളയ ദുരിതാശ്വാസത്തിനായി കണ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭയിലെ കുട്ടികൾ ശേഖരിച്ച പഠനോപകരണങ്ങൾ ജില്ല കലക്ടർക്ക് കൈമാറി. നോട്ട് പുസ്തകം, സ്കൂൾ ബാഗ്, പേന, പെൻസിൽ തുടങ്ങിയവയാണ് കുട്ടികൾ ശേഖരിച്ചത്. ഇവ കലക്ടറേറ്റിലെത്തിയാണ് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ കെ. ശ്രീജ, എ.ഡി.എം.സി പി.കെ. ബിന്ദു, സി. വിനോദ്, ബാലസഭാംഗങ്ങളായ എം.വി. ആദിത്ത്, ആദിത്യബാബു, പി. അഭിരാമി, ജീവനാരായണൻ, അക്ഷയ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.