തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കാൻറീനില്‍നിന്ന് ചായ കഴിച്ചശേഷം നിശ്ചയിച്ച ജോലിക്കായി ടവറിലേക്ക് നടന്നുപോവുമ്പോഴാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സംഘം ചേര്‍ന്ന് സഹതടവുകാരനായ കെ.പി. രവീന്ദ്രനെ ആക്രമിച്ചതെന്ന് സാക്ഷിമൊഴി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ നാദാപുരത്തിനടുത്ത കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസിെൻറ വിചാരണക്കിടയില്‍ വളയത്തെ രാജുവാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്. പവിത്രന്‍ ഇരുമ്പുകട്ടയും അനില്‍കുമാര്‍, അശോകന്‍, ദിനേശന്‍, ഫല്‍ഗുണന്‍ എന്നിവര്‍ ഇരുമ്പുവടി, വടി എന്നിവ ഉപയോഗിച്ചും രവീന്ദ്രെൻറ കാലിന് അടിക്കുകയും കുത്തുകയുമാണ് ചെയ്തത്. മറ്റുള്ളവരും അക്രമത്തില്‍ പങ്കാളികളായി. ഇരുമ്പുവടികൊണ്ട് എെൻറ തലക്ക് അടികൊണ്ട് പരിക്കേറ്റതായും രാജു മൊഴിനല്‍കി. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു. പ്രതിഭാഗം ക്രോസ്‌വിസ്താരം ചൊവ്വാഴ്ച നടക്കും. 2004 ഏപ്രില്‍ ആറിന് വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലെ ഏഴാം ബ്ലോക്കിെൻറ മുറ്റത്തുവെച്ചാണ് രവീന്ദ്രനെ രാഷ്ട്രീയവിരോധം കാരണം ആക്രമിച്ചു കൊലപ്പെടുത്തിയത്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകാരുമായ ദിനേശന്‍ എന്ന പേട്ട ദിനേശന്‍, എച്ചിലാട്ട് ചാലില്‍ പവിത്രന്‍, ഫല്‍ഗുണന്‍, രഘു, ദിനേശന്‍, സനല്‍പ്രസാദ്, കോട്ടക്ക ശശി, അനില്‍കുമാര്‍ തുടങ്ങി 31 പേരാണ് പ്രതികള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം.കെ. ദിനേശന്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.