മുഴുവൻ സർക്കാർ ഡോക്ടർമാരും ഒരുമാസത്തെ ശമ്പളം നൽകും കണ്ണൂർ: നവകേരളം പണിയാൻ ഒരുമാസത്തെ വരുമാനം നൽകുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനക്ക് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ മുഴുവൻ സർക്കാർ ഡോക്ടർമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ സമ്മതപത്രം നൽകി. സർക്കാർ മേഖലയിൽ ആകെ 430ലേറെ ഡോക്ടർമാരാണ് ജില്ലയിലുള്ളത്. ഇവരെല്ലാം ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകാൻ തീരുമാനിച്ചതായി ഇതുസംബന്ധിച്ച് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫിസുകളിലായി ഉള്ളത്. ജില്ല ഇൻഫർമേഷൻ ഓഫിസിലെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെയും മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഇവർ ആദ്യഗഡു ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം നൽകി. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമാസെത്ത ശമ്പളം സംഭാവന നൽകുന്നതിനുള്ള സമ്മതപത്രം കഴിഞ്ഞദിവസം മന്ത്രി ഇ.പി. ജയരാജനെ ഏൽപിച്ചിരുന്നു. ജില്ലയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരുമാസത്തെ ശമ്പളം സംഭാവനചെയ്യാൻ മുന്നോട്ടു വന്നിട്ടുണ്ട്. പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, ഏരുവേശ്ശി, കാങ്കോൽ-ആലപ്പടമ്പ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂർ-പെരളം, കുഞ്ഞിമംഗലം എന്നിവയാണ് ഈ പഞ്ചായത്തുകൾ. ധനസമാഹരണ പ്രവർത്തനങ്ങളുടെ സെക്രട്ടറിതല ചുമതലയുള്ള പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, ഡെപ്യൂട്ടി കലക്ടർ കെ.കെ. അനിൽകുമാർ, ഡി.എഫ്.ഒ സുനിൽ പാമിടി, തളിപ്പറമ്പ് ആർ.ഡി.ഒ റജി ജോസ്, ജില്ലതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.