തളിപ്പറമ്പ് ജോ. ആര്‍.ടി ഓഫിസ്​: ഡ്രൈവിങ്​ ടെസ്​റ്റ്​ പാസായാൽ ലൈസൻസുമായി മടങ്ങാം തളിപ്പറമ്പിൽ ഇനി ടെസ്​റ്റ്​ പാസാകുന്ന ദിവസംതന്നെ ഡ്രൈവിങ്​ ലൈസൻസ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ലൈസന്‍സ് നൽകാൻ സംവിധാനം. ജില്ല യില്‍ കണ്ണൂരിന് പുറമെ തളിപ്പറമ്പ് ജോ.ആര്‍.ടി ഓഫിസിലാണ് ഡ്രൈവിങ് ലൈസൻസ് അതേദിവസംതന്നെ നൽകുന്നത്. ടെസ്റ്റില്‍ വിജയിച്ചാലും ലൈസന്‍സ് കിട്ടാന്‍ വൈകുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ചില പ്രഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിനാല്‍ സമയത്ത് ലൈസന്‍സ് ലഭിക്കാത്തത് വിദ്യാർഥികളുടെ പ്രവേശനത്തെ തന്നെ ബാധിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിർദേശപ്രകാരമാണ് ടെസ്റ്റ് കഴിഞ്ഞ ഉടനെ ലൈസന്‍സ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. 2017ല്‍ കണ്ണൂര്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട് പുതിയ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ സംവിധാനം ആരംഭിച്ചത്. സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അവിടെവെച്ച് തൽക്ഷണം ലൈസന്‍സ് നല്‍കാൻ സാധിക്കും. ഏപ്രില്‍ 13ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തറക്കല്ലിട്ട സ്റ്റേഷ​െൻറ നിർമാണം ദ്രുതഗതിയില്‍ നടന്നുവരുകയാണ്. അടുത്ത ജനുവരിയോടെ ഉദ്ഘാടനംചെയ്യാനുള്ള ഒരുക്കത്തിലാണ്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇനിമുതല്‍ മൂന്ന് ദിവസംകൊണ്ട് നല്‍കാൻ സാധിക്കുമെന്ന് എം.വി.ഐ ജെ.എസ്. ശ്രീകുമാർ പറഞ്ഞു. തളിപ്പറമ്പ് ജോ.ആര്‍.ടി ഓഫസില്‍ നടന്ന ചടങ്ങില്‍ ലൈസന്‍സി​െൻറ വിതരണ ഉദ്ഘാടനം, അടുത്തില തെരുവിലെ ആദിത്യ സുരേഷിന് ലൈസന്‍സ് നല്‍കി ജോ.ആര്‍.ടി.ഒ ഒ. പ്രമോദ്കുമാര്‍ നിർവഹിച്ചു. എം.വി.ഐ ജെ.എസ്. ശ്രീകുമാർ, എ.എം.വി.ഐമാരായ ടി.പി. വത്സരാജന്‍, ടി. രഞ്ജിത്ത് മോൻ എന്നിവരും പങ്കെടുത്തു. 120 പേരാണ് ഇന്നലെ ടെസ്റ്റിൽ പങ്കെടുത്തത്. അതിൽ വിജയിച്ച 88 പേർക്കും ലൈസന്‍സ് നല്‍കി. ഇനി എല്ലാദിവസവും രാവിലെ ടെസ്റ്റ് കഴിഞ്ഞാല്‍ ഉച്ചക്കുശേഷം വിജയിക്കുന്ന എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കും. പുതിയ സംവിധാനത്തെ സന്തോഷപൂർവമാണ് വിജയികൾ സ്വാഗതംചെയ്തത്. കഴിഞ്ഞയാഴ്ച ടെസ്റ്റ് നടത്തിയവർ ലൈസൻസിനായി കാത്തിരിക്കുമ്പോൾ ഇന്നലെ ടെസ്റ്റ് നടന്ന ദിവസം തന്നെ ലൈസൻസ് നേടാനായത് ആഹ്ലാദിപ്പിക്കുന്നതായി ലൈസൻസ് നേടിയവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.