കണ്ണൂർ: കണ്ണൂർ സർവകലാശാലക്കു കീഴിലെ കോളജുകളിൽ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ പരസ്പരം പഴിചാരി എസ്.എഫ്.െഎയും കെ.എസ്.യുവും. കനത്ത പരാജയം ഏറ്റുവാങ്ങിയ കെ.എസ്.യു ജാള്യത മറച്ചുവെക്കാൻ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് എസ്.എഫ്.െഎ ആരോപിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയംഗം അനസ് (19), ഇരിട്ടി എം.ജി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് ജോ. സെക്രട്ടറി ഷിബിൻ പുരുഷോത്തമൻ (19) എന്നിവരെയാണ് ആക്രമിച്ചത്. മനഃപൂർവം സംഘർഷം സൃഷ്ടിക്കാനാണ് കെ.എസ്.യു ശ്രമിക്കുന്നത്. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അനസിനെ 15ഓളം വരുന്ന കെ.എസ്.യു പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. അക്രമത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ കർശനനടപടി വേണമെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പിനുശേഷം എസ്.എഫ്.ഐ വ്യാപക അക്രമമഴിച്ചുവിടുകയാണെന്ന് കെ.എസ്.യു ആരോപിച്ചു. നിർമലഗിരി കോളജിലടക്കം കനത്ത പരാജയം നേരിട്ടതിെൻറ ജാള്യത മറക്കാനാണ് എസ്.എഫ്.ഐ പുറമെനിന്നുള്ള ഗുണ്ടാസംഘത്തിെൻറ സഹായത്തോടെ കാമ്പസുകളിൽ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുന്നത്. ഇരിട്ടി എം.ജി കോളജ് യൂനിറ്റ് സെക്രട്ടറി അമർജിത്ത് തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. നിർമലഗിരി കോളജിലെ രണ്ടാം വർഷ ചരിത്രവിദ്യാർഥികളായ ടി.കെ. നിർഷാദ് (19), അലക്സ് ബെന്നി (21) എന്നിവർക്കാണ് തിങ്കളാഴ്ച വീണ്ടും മർദനമേറ്റത്. അക്രമത്തിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.