ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുത്തപ്പൻ അരങ്ങിലെത്തി

പയ്യന്നൂർ: പ്രളയം കണ്ണീർക്കടലിലിറക്കിയ സഹജീവികളെ സഹായിക്കാനുള്ള അരുളപ്പാടിന് മുത്തപ്പൻദൈവം അരങ്ങിലെത്തി. തിരുമുടി വെച്ച് അമ്പും വില്ലും തിരുവായുധവും ഏറ്റുവാങ്ങി മുത്തപ്പൻ ദൗത്യം അറിയിച്ചപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് വിശ്വാസികളുടെ കാണിക്ക ഒഴുകിയെത്തി. അത് മുത്തപ്പ​െൻറ സാന്നിധ്യത്തിൽതന്നെ നഗരസഭ ചെയർമാന് കൈമാറുകയുംചെയ്തു. കാനായി തോട്ടംകടവ് തൈവളപ്പിൽ മുത്തപ്പൻ മടപ്പുരയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് പ്രത്യേകമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിയത്. സാധാരണക്കാര​െൻറ ഇഷ്ടദൈവം കൂടിയായ മുത്തപ്പൻ അധഃസ്ഥിതരുടെ രക്ഷകനായിക്കൂടിയായാണ് ആരാധിക്കപ്പെടുന്നത്. ജാതിമതങ്ങൾക്കതീതമായി ആർക്കും മുത്തപ്പനുമായി പരാതികളും പരിഭവങ്ങളും പങ്കുവെക്കാം. ഈ ജനകീയത തന്നെയാണ് ദുരിതാശ്വാസ നിധിശേഖരണത്തിലുള്ള അരുളപ്പാടിലും ഉയർന്നുകേട്ടത്. മുത്തപ്പൻ ആഗമനോദ്ദേശ്യം അറിയിച്ചപ്പോൾ വിശ്വാസികൾ ദുരിതാശ്വാസ നിധിയിലേക്കുള്ള കാണിക്ക സന്തോഷത്തോടെ സമർപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് 20,000ത്തിലധികം രൂപയാണ് ലഭിച്ചത്. കാണിക്കയായി കിട്ടിയ തുക മുത്തപ്പൻ ക്ഷേത്രകർമി പരവന്തട്ട കണ്ണനെ ഏൽപിച്ചു. കണ്ണനിൽനിന്നാണ് മുത്തപ്പൻ വെള്ളാട്ടത്തി​െൻറ സാന്നിധ്യത്തിൽതന്നെ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഏറ്റുവാങ്ങിയത്. നഗരസഭാംഗങ്ങളായ പി. ഭാസ്കരൻ, വനജാക്ഷി എന്നിവരും ചടങ്ങിന് സാക്ഷികളായി. അതിനിടെ പ്രവാസി കുടുംബവേദി 40,500 രൂപ നഗരസഭ ചെയർമാനു കൈമാറി. കണ്ടങ്കാളി ഹൈസ്കൂൾ '93-'94 എസ്.എസ്.എൽ.സി ബാച്ച് 31,500 രൂപയും പയ്യന്നൂരിലെ പി.കെ. ഷിജിത്ത് 50,000 രൂപയും ദുരിതാശ്വാസ നിധിയിലേക്കു നൽകി. ഷിജിത്തിൽനിന്ന് സി. കൃഷ്ണൻ എം.എൽ.എയാണ് തുക ഏറ്റുവാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.