കഥാകാരനും കഥാപാത്രങ്ങൾക്കുമൊപ്പം മയ്യഴിയിൽ കുട്ടികളുടെ ചരിത്രസഞ്ചാരം

മാഹി: ഇന്തോ-ഫ്രഞ്ച് സംസ്കാരത്തി​െൻറ ശേഷിപ്പുകൾ മായാതെ കിടക്കുന്ന മയ്യഴിയും മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദനും കുട്ടികൾക്ക് വിസ്മയകരമായ അനുഭവമായി. ബാലസംഘം ചൊക്ലി വില്ലേജ് കമ്മിറ്റി ഒരുക്കിയ പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ മയ്യഴിമണ്ണിലൂടെ ചരിത്രസഞ്ചാരം നടത്തിയത്. കുട്ടികൾ ഭാവനാസമ്പന്നരായി വലിയ സ്വപ്നങ്ങൾ കണ്ട് നല്ല മനുഷ്യരായി വളരണമെന്ന് എം. മുകുന്ദൻ പറഞ്ഞു. സ്വപ്നങ്ങൾ ഏറെ കണ്ടിരുന്നവരാണ് ഉയരങ്ങൾ കീഴടക്കിയിട്ടുള്ളതും ശാസ്ത്രീയമായ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ളതും. മൂപ്പൻ ബംഗ്ലാവി​െൻറ വിശാലമായ പുറംചുവരിൽ കൊത്തിവെച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആധാരമാക്കിയുള്ള ചുവർശിൽപങ്ങളിലൂടെ കഥാപാത്രങ്ങളെ കുട്ടികൾ തൊട്ടറിഞ്ഞു. തലമുറകളിലൂടെ ഇന്നും ജീവിക്കുന്ന പല കഥാപാത്രങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ചരിത്രവും മിത്തുകളും ചേർത്ത് കഥാകാരൻ എം. മുകുന്ദൻ സരളമായി മറുപടി നൽകി. ആദ്യ ഫ്രഞ്ച് നാവികൻ മൊല്ലന്തേൻ കാലുകുത്തിയ കടലും പുഴയും ഇഴചേരുന്ന തീരവും ഫ്രഞ്ച്വിപ്ലവ സ്മാരകമായ ഴന്താർക്ക് പ്രതിമയും ഫ്രഞ്ച് വാസ്തുശിൽപ ഭംഗിയാർന്ന മയ്യഴി മാതാവി​െൻറ ദേവാലയവും ആദിതീയ്യ ക്ഷേത്രമായ ഗാന്ധിജിയുടെ പാദസ്പർശമേറ്റ പുത്തലം ക്ഷേത്രവും ഫ്രഞ്ചുകാർ ഉപയോഗിച്ച മൂപ്പൻകുന്നിലെ കൊടിമരവും ദീപസ്തംഭവും ഫ്രഞ്ച് കോട്ടയുടെ ശേഷിപ്പുകളുമെല്ലാം കുട്ടികൾക്ക് ചരിത്രപാഠപുസ്തകങ്ങളായി. മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു മയ്യഴിയുടെ ചരിത്ര വഴികളിലേക്ക് കുട്ടികളെ നയിച്ചു. ശ്യാം കെ. ബാലൻ, കെ. ദിനേശ് ബാബു, എം. ഷീന, എൻ. സുന്ദരൻ, വത്സല, ഷർവിൻ, അക്ഷയ, സി.കെ. രമ്യ, അനിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.