നവോദയക്കുന്നിന് താഴെ ചങ്കിടിപ്പോടെ നാട്ടുകാർ

പാനൂർ: തലക്കുമീതെ മണ്ണുമാന്തിയുടെയും ലോറികളുടെയും യന്ത്രങ്ങളുടെയും നിലക്കാത്ത ശബ്ദമാണ് നവോദയക്കുന്നി​െൻറ താഴ്വാരത്തുള്ളവർക്ക്. കുന്നിന് താഴ്വാരത്ത് ഭീതിയിൽ ദിനങ്ങൾ എണ്ണിക്കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ. ഒരുകാലത്ത് പ്രകൃതിരമണീയമായിരുന്ന ചെറുവാഞ്ചേരിയിലെ നവോദയക്കുന്ന് ഇന്ന് നാശത്തിലേക്ക് നീങ്ങുകയാണ്. വിവിധങ്ങളായ സസ്യങ്ങളും ഫലഭൂയിഷ്ടമായ മണ്ണും പാറകളും നിറഞ്ഞ, കിലോമീറ്ററുകൾ പരന്നുകിടക്കുന്ന കുന്നായിരുന്നു ചെറുവാഞ്ചേരിയിലെ നവോദയക്കുന്ന്. കുന്നിന് മുകളിലാണ് കേന്ദ്രീയ വിദ്യാലയവും മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജും സ്ഥിതിചെയ്യുന്നത്. കുന്നിന് മുകളിൽ ഇന്ന് നൂറുകണക്കിന് ലോറികളാണ് മണ്ണും ചെങ്കല്ലും പാറയുമായി സംസ്ഥാനത്തിന് പുറത്തേക്ക് ഉൾപ്പെടെ ചീറിപ്പായുന്നത്. യന്ത്രങ്ങളുടെ കാതടിപ്പിക്കുന്ന മുരൾച്ചയാണ് എല്ലാ നേരവും മുഴങ്ങിക്കേൾക്കുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന പ്രകൃതിലോല മേഖലകൂടിയാണ് ചെറുവാഞ്ചേരി വില്ലേജിലെ ഈ പ്രദേശം. കുന്നിൽ കരിങ്കൽ, ചെങ്കൽ ഖനനം തുടങ്ങിയിട്ട് വർഷങ്ങളായി. മഴക്കാലങ്ങളിൽ ക്വാറികളിൽ കെട്ടിക്കിടക്കുന്ന വെള്ളവും ചില ക്വാറികളിൽ നിറച്ച മണ്ണും മഹാദുരന്തത്തിന് വഴിവെക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. കുന്നിലെ അനിയന്ത്രിതമായ ഖനനത്തെ കുറിച്ച് നിരവധിതവണ വില്ലേജ് അധികൃതരുടെയും കലക്ടർ ഉൾപ്പെടെയുള്ളവരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പ് പ്രദേശത്ത് ചെറിയരീതിയിൽ ഉരുൾപൊട്ടലുണ്ടായത് വലിയ ഒരു ദുരന്തത്തി​െൻറ സൂചനയാണെന്നാണ് നാട്ടുകാരുടെ ആശങ്ക. കുന്നിന് മുകളിലെ എല്ലാ ഖനനവും നിരോധിക്കാൻ അധികൃതർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.