കാഞ്ഞങ്ങാട്: ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കാൻ ആരോഗ്യവിഭാഗം മുന്നറിയിപ്പ്. എലികളെ നിയന്ത്രിക്കുന്നതാണ് പ്രധാന പ്രതിരോധമാർഗം. മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക, കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക, കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക, ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ബൂട്സ്, കൈയുറകൾ എന്നിവ ഉപയോഗിക്കുക, വെള്ളവും ഭക്ഷണവും എലിമൂത്രവും വിസർജ്യവും കലരാത്ത രീതിയില്‍ മൂടിവെക്കുക, വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക തുടങ്ങിയ മുൻകരുതലുകളാണ് ആരോഗ്യവിഭാഗം നൽകുന്നത്. മഴവെള്ളം ഇറങ്ങിക്കഴിഞ്ഞ് വീട് വൃത്തിയാക്കലും മറ്റും ആരംഭിക്കുമ്പോൾ എലിപ്പനി വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് ആരോഗ്യവകുപ്പ് കരുതൽ നടപടികളും ആരോഗ്യ വിദ്യാഭ്യാസ പരിപാടികളും നടത്തിവരുകയാണ്. വളരെ കുറച്ചുപേരെ മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളതെന്നും ഡി.എം.ഒ വ്യക്തമാക്കി. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾകൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. തലവേദന തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കും. ചിലരിൽ രോഗം പിടിപെട്ട് ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്യുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ല ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.