മഴക്കെടുതി: കൊട്ടിയൂര്‍ ദേവസ്വത്തിന് അഞ്ചുകോടിയുടെ നഷ്​ടം

കൊട്ടിയൂര്‍: മഴക്കെടുതിയില്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് നഷ്ടം അഞ്ചുകോടി രൂപയെന്ന് പ്രാഥമിക കണക്ക്. ഉരുള്‍പൊട്ടലില്‍ ബാവലിപ്പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടര്‍ന്നാണ് ദേവസ്വത്തിന് കീഴിലെ ഏക്കർകണക്കിന് സ്ഥലം നഷ്ടമാവുകയും പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തെ നടുക്കുനിയിലുള്ള അഞ്ചേക്കറോളം സ്ഥലമാണ് പുഴയെടുത്തത്. വന്‍മരങ്ങളും നട്ടുപിടിപ്പിച്ച നിരവധി ഔഷധ സസ്യങ്ങളും പാടേ നശിച്ചു. ബാവലിപ്പുഴ ഗതിമാറി ഇടബാവലിയിലൂടെയാണിപ്പോള്‍ ഒഴുകുന്നത്. ഇടബാവലിയിലുള്ള ഇരുമ്പ് പാലത്തി​െൻറ പ്ലാറ്റ്‌ഫോമി​െൻറ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വന്‍മരങ്ങള്‍ വന്നടിഞ്ഞ് ഇരുമ്പ് പാലങ്ങള്‍ക്കും മുകളില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയാണ്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കാലത്ത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സ്‌നാനഘട്ടത്തിന് സമീപം നിർമിച്ച കെട്ടിടവും തകര്‍ന്നു. ഉത്സവകാലത്ത് കുടിവെള്ളത്തിനായി നടുക്കുനിയില്‍ നിര്‍മിച്ച കിണര്‍ മൂടിയ അവസ്ഥയാണ്. മരം കടപുഴകി ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ പൂര്‍ണമായി തകർന്നു. കനത്ത കുത്തൊഴുക്കില്‍ വന്‍മരങ്ങളും കൂറ്റന്‍ പാറകളും ബാവലിപ്പുഴയിലൂടെ ഒഴുകി മന്ദംചേരിയിലെ പാലത്തില്‍ വന്നിടിച്ചതുമൂലം പാലത്തിനും ബലക്ഷയമുണ്ട്. പ്രാഥമിക കണക്ക് സംബന്ധിച്ച് റവന്യൂ മന്ത്രിക്കും ദേവസ്വം കമീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതായും ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഒ.വി. രാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.