ഇരിക്കൂർ: ചേടിച്ചേരി ദേശമിത്രം യു.പി സ്കൂളിനും എ.എൽ.പി സ്കൂളിനും സമീപത്ത് തള്ളിയ മാലിന്യം നാട്ടുകാർ തിരിച്ചെടുപ്പിച്ചു. വിവാഹ സൽക്കാര മാലിന്യങ്ങളും സൂപ്പർ മാർക്കറ്റിലെ മാലിന്യവുമാണ് തിരിച്ചെടുപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഗ്രാമപഞ്ചായത്തംഗം സി.വി. പ്രേമലതയുടെ നേതൃത്വത്തിൽ ചാക്കുകൾ അഴിച്ചു പരിശോധിച്ചപ്പോഴാണ് കുട്ടാവ് ജങ്ഷനിലെ ഹിജാസ് സൂപ്പർ മാർക്കറ്റിലെ മാലിന്യങ്ങളും വിവാഹസൽക്കാര മാലിന്യങ്ങളുമാണെന്ന് കണ്ടെത്തിയത്. നാട്ടുകാർ വിവരം പൊലീസിലറിയിച്ചത് പ്രകാരം പൊലീസ് സൂപ്പർ മാർക്കറ്റ് ഉടമയെ വിളിച്ചുവരുത്തി അന്വേഷിച്ചപ്പോൾ സൂപ്പർമാർക്കറ്റ് മാലിന്യങ്ങൾ ഒഴിവാക്കാൻ ഒരു ഗുഡ്സ് ഓട്ടോറിക്ഷക്കാരനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറെ സ്ഥലത്തെത്തിച്ച് മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു. മാസങ്ങളായി ചേടിച്ചേരി ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നാട്ടുകാർ ശ്രമിച്ചുവരുകയായിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. പ്രകാശൻ, ജെ.എച്ച്.ഐ കെ. പ്രകാശൻ, എം.കെ. രാജു, ഇരിക്കൂർ വാർഡ് മെംബർ പി.വി പ്രേമലത എന്നിവരും നാട്ടുകാരും ഇരിക്കൂർ എസ്.ഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ പരിസരം ശുചീകരിപ്പിക്കുകയായിരുന്നു. ചേടിച്ചേരി ദേശമിത്രം യു.പി സ്കൂളിനും എ.എൽ.പി സ്കൂളിനും സമീപമുള്ള റോഡരികിൽ മാലിന്യം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.