തൃക്കരിപ്പൂർ: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലെത്തിയ കുടുംബങ്ങളെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. 'കൂടൊരുക്കാം' എന്ന വെബ്സൈറ്റിലൂടെ കേരളത്തിൽ എവിടെനിന്നും സഹായം സ്വീകരിച്ച് അർഹതപ്പെട്ടവരിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഗൃഹോപകരണങ്ങളും വളൻറിയർ സേവനവുമാണ് പ്രധാനമായും സൈറ്റ് വഴി സ്വീകരിക്കുന്നത്. എമർജൻസി വിളക്ക്, ടേബിൾ ഫാൻ, ഇസ്തിരിപ്പെട്ടി, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, കളിപ്പാട്ടം തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ആർക്ക് കൊടുക്കുന്നു, ആര് കൊടുക്കുന്നു എന്നൊക്കെയുള്ള കാര്യങ്ങൾ സ്വകാര്യത ചോരാതെ ആവശ്യമെങ്കിൽ ഇരുവർക്കും അറിയിക്കാൻ പ്രത്യേക സൗകര്യമുണ്ട്. ഇതുവഴി, ഏറ്റവും അർഹരായവരിൽ തന്നെ സഹായം എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കുന്നു. നന്നായി പ്രവർത്തിക്കുന്ന ഉപകരണമാണ് അഥവാ ഉപയോഗയോഗ്യമായ വസ്തുക്കളാണ് സമ്മാനിക്കുന്നതെന്ന് ഉപാധിയുണ്ട്. സഹായ സന്നദ്ധത അറിയിച്ചാൽ വളൻറിയർമാർ രണ്ടുദിവസത്തിനകം ബന്ധപ്പെട്ട് സാധനങ്ങൾ ശേഖരിക്കും. ആവശ്യക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുക എന്നതാണ് ചെയ്യുന്നത്. ദുരിതബാധിത മേഖലകളിലെ ആളുകളെ കണ്ടെത്തി ആവശ്യങ്ങൾ സന്നദ്ധസേവകരെ അറിയിക്കുന്നത് മുതൽ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനും എത്തിക്കുന്നതിനും വരെ വളൻറിയർമാരുണ്ട്. ഇത്തരത്തിൽ സേവനം ചെയ്യുന്നവരെയും 'കൂടൊരുക്കാം' ക്ഷണിക്കുന്നു. ജി-ടെക്കും നാസ്‌കോമും ചേർന്നാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. koodorukkam.in എന്നതാണ് വിലാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.