മഴക്കെടുതി: ധനസമാഹരണത്തിന് ഊന്നൽ നൽകണം -കെ.വി. സുമേഷ്

കണ്ണൂർ: മറ്റ് പ്രളയബാധിത ജില്ലകളെ അപേക്ഷിച്ച് വൻതോതിലുള്ള ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെട്ട ജില്ലയെന്ന നിലയിൽ കണ്ണൂർ ജില്ല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. പ്രളയബാധിത കേരളത്തി​െൻറ പുനർനിർമാണത്തിന്, മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ തനതു ഫണ്ടിൽ നിന്ന് നല്ലരീതിയിൽ സംഭാവന നൽകണം. ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ജീവനക്കാരും ഒരു മാസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിത ജില്ലകളിൽ സഹായമെത്തിക്കുന്നതിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ജില്ലയിൽ നടന്നതെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് പറഞ്ഞു. സഹായങ്ങളുമായി 70 ട്രക്കുകളും ഒരു കണ്ടെയ്നർ ലോറിയുമാണ് വിവിധ ജില്ലകളിലേക്ക് കണ്ണൂരിൽനിന്ന് പോയത്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ജില്ലയിലെ 125 മത്സ്യത്തൊഴിലാളികൾക്ക് 8000ത്തിലേറേ പേരെ രക്ഷിക്കാനായി. പുനരധിവാസ ഫണ്ട് സ്വരൂപിക്കുന്നതിൽ യോജിച്ച മുന്നേറ്റം ജില്ലയിൽ ഉണ്ടാവണമെന്നും ഒരു മാസ വരുമാനം സംഭാവന ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിക്കാൻ എല്ലാ വിഭാഗം ആളുകളും മുന്നോട്ടുവരണമെന്നും എ.ഡി.എം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.