കൂത്തുപറമ്പ്: കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തെ തുടർന്ന് ടൂറിസ്റ്റ് വാഹനമേഖല കടുത്ത പ്രതിസന്ധിയിൽ. ഉരുൾപൊട്ടലിൽ മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ തകർന്നതും ദുരന്തത്തെ തുടർന്ന് വിനോദയാത്രകൾ നിർത്തിയതുമാണ് കോൺട്രാക്ട് കാരിയർ വാഹനമേഖലക്ക് തിരിച്ചടിയായത്. പണിയില്ലാതായതോടെ ടൂറിസ്റ്റ് വാഹനമേഖലയിലെ നൂറുകണക്കിന് തൊഴിലാളികളാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്. മൂന്ന് മാസത്തോളം നീണ്ട മഴയെ തുടർന്ന് നേരത്തെതന്നെ പ്രതിസന്ധി നേരിടുകയായിരുന്നു ടൂറിസ്റ്റ് വാഹനമേഖല. ഉരുൾപൊട്ടലും പ്രളയവും സംസ്ഥാനത്തൊട്ടാകെ കനത്ത നാശം വിതച്ചതോടെ വൻ തിരിച്ചടിയായി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയനാട്, മൂന്നാർ ഉൾപ്പെടെ ഇടുക്കി ജില്ല, ആലപ്പുഴ തുടങ്ങിയ മേഖലകൾ പ്രളയത്തിൽ തകർന്നതോടെ ടൂറിസം മേഖല പൂർണമായും നിശ്ചലമായിരിക്കുകയാണ്. ദുരന്തത്തിെൻറ സാഹചര്യത്തിൽ ആളുകൾ വിനോദയാത്രകൾ ഒഴിവാക്കുകയുമാണിപ്പോൾ. കല്യാണങ്ങൾപോലും ലളിതമായ ചടങ്ങുകളായി മാറ്റാൻതുടങ്ങിയതോടെ തീർത്തും ജോലി ഇല്ലാത്ത അവസ്ഥയിലാണ് ടൂറിസ്റ്റ് വാഹനമേഖല. മുൻകാലങ്ങളിൽ ഓണക്കാലത്തായിരുന്നു കൂടുതൽ തൊഴിലവസരം ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി പട്ടിണിയുടേതായിരുന്നു പലർക്കും ഓണനാളുകൾ. വാഹനങ്ങളുടെ ടാക്സ് പോലും അടക്കാനാവാത്ത സാഹചര്യമാണ് പലർക്കും. മൂകാംബിക ക്ഷേത്രം, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ടൂറിസ്റ്റ് വാഹനങ്ങൾ അൽപമെങ്കിലും യാത്ര പോകുന്നത്. എന്നാൽ, കർണാടകയിലെ അമിത ടാക്സ് വർധനവിനെ തുടർന്ന് ആ ഭാഗത്തേക്കുള്ള യാത്രകളും കുറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.