മംഗളൂരു: സ്കോർപിയോയിൽ കന്നുകുട്ടികളെ കടത്തിയ നാലംഗസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബയാണ് (61) ഉഡുപ്പിക്കടുത്ത് ഹരിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർഡൂരിൽ കുന്നിൻമുകളിൽ മരിച്ചത്. പൊലീസ് ഒത്താശയോടെ ബജ്റംഗ്ദൾ നടത്തിയ കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കാലിക്കടത്ത് വിവരം ലഭിച്ച പൊലീസ് ബുധനാഴ്ച പുലർച്ച 4.15ന് സ്കോർപിേയാ കാർ തടയുകയായിരുന്നു. പിറകോട്ടെടുത്ത കാർ 200 മീറ്റർ അകലെ ഉപേക്ഷിച്ച് നാലുപേരും ഇറങ്ങി ഓടി. മൂന്നുപേർ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമായിരുന്നു. ഹുസൈനബ്ബയുടെ പിന്നാലെയായാണ് പൊലീസ് ഓടിയതെന്ന് രക്ഷപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞു. 11ഒാടെ കുന്നിൻമുകളിൽ ഒരാൾ മരിച്ചുകിടക്കുന്നതായി ഹരിയടുക്ക പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്ത് ചെന്നപ്പോൾ മൃതദേഹം തിരിച്ചറിയുകയും വിളിച്ചത് മരിച്ചയാളുടെ ഫോൺ ഉപയോഗിച്ചാണെന്ന് മനസ്സിലാവുകയും ചെയ്തു. കഴിഞ്ഞ 35 വർഷമായി കാലിക്കച്ചവടം നടത്തുന്നയാളാണ് ഹുസൈനബ്ബയെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ ഇദ്ദേഹത്തെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞ് ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തിരുന്നു. ഹുസൈനബ്ബയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലത്തെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് എം.എ. ഗഫൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൃതദേഹത്തിൽ തലക്കും കണ്ണിനും കാലിനും പരിക്കുണ്ട്. ബന്ധുക്കൾ ഇത് കൊലപാതകമാണെന്ന് പരാതിപ്പെട്ടിട്ടുണ്ട്. നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി സ്ഥലം സന്ദർശിച്ചു. സംഭവത്തിന് പിന്നിൽ ബജ്റംഗ്ദൾ സംഘമാണെന്ന് ബന്ധുക്കൾ പരാതി നൽകിയതായി എസ്.പി അറിയിച്ചു. സൂര്യ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം എന്ന് പരാതിയിലുണ്ട്. ആക്രമികൾ ആരായാലും ശക്തമായ നടപടിയുണ്ടാകും. സ്കോർപിയോയിൽനിന്ന് 12 കാലിക്കിടാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടെണ്ണം ചത്തതായി എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.