കണ്ണൂർ: ജില്ല ആശുപത്രിയിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയ സംഭവത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഇടപെട്ടതിനെ തുടർന്ന് വളപ്പിൽതന്നെ മറ്റൊരു കുഴിയെടുത്ത് മാലിന്യം നീക്കംചെയ്തു. സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെ തുടർന്ന് മാലിന്യം സമീപത്താകെ പരന്നുകിടക്കുകയായിരുന്നു. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധംമൂലം ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികൾ ദിവസങ്ങളായി ദുരിതത്തിലായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് കണ്ണൂർ കുടുംബകോടതി ജഡ്ജി എൻ.ആർ. കൃഷ്ണ കുമാറിെൻറ നേതൃത്വത്തിലുള്ള ലീഗൽ സർവിസസ് അതോറിറ്റി സംഘം വ്യാഴാഴ്ച രാവിലെ ജില്ല ആശുപത്രിയിലെത്തിയത്. തുടർന്ന് പേ വാർഡും പരിസരവും പരിശോധിച്ചു. ജില്ല ആശുപത്രി അധികൃതരുമായി സംഘം ചർച്ച നടത്തി. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരംകാണാൻ നിർദേശം നൽകി. ഉച്ചയോടെ മണ്ണുമാന്തിയെത്തി പുതിയ കുഴിയെടുത്താണ് സെപ്റ്റിക് ടാങ്ക് മാലിന്യം മാറ്റിയത്. രാത്രിയോടെയാണ് മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തി അവസാനിച്ചത്. ജില്ല ആശുപത്രിയിലെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കി അടുത്തദിവസംതന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണമെന്ന് നിർദേശം നൽകിയതായി ലീഗൽ സർവിസസ് അതോറിറ്റി അധികൃതർ അറിയിച്ചു. ലീഗൽ സർവിസസ് അതോറിറ്റി താലൂക്ക് സെക്രട്ടറി എൻ.പി. ഷോളി, ഇ. രഞ്ജിത്ത്, കെ. ഷാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.