പയ്യന്നൂർ: രാമന്തളിയിലെ ജനവാസകേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാൻറിൽനിന്നുള്ള മാലിന്യപ്രശ്നം രണ്ടു വർഷം കൊണ്ട് പൂർണമായും പരിഹരിച്ച് നിലവിലെ പ്ലാൻറ് നിർജീവമാക്കുമെന്ന് നേവൽ അക്കാദമി അധികൃതർ ജന ആരോഗ്യ സംരക്ഷണസമിതിക്ക് ഉറപ്പുനൽകി. അക്കാദമി ഡെപ്യൂട്ടി കമാൻഡൻറ് റയർ അഡ്മിറൽ പുനീത് ചദ്ധയുടെ നേതൃത്വത്തിൽ നേവൽ ഉന്നത ഉദ്യോഗസ്ഥർ രാമന്തളിയിലെ മലിനബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്നു. പ്രദേശത്തുകാരുടെ ദുരിതങ്ങൾ നേരിട്ട് കണ്ടറിഞ്ഞതിനുശേഷം സമരസമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പൂർണമായും പരിഹരിക്കുമെന്ന് ഉറപ്പുനൽകിയത്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞവർഷം കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിൽനിന്നുള്ള ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമായതെന്ന് അദ്ദേഹം സമരസമിതി ഭാരവാഹികളെ അറിയിച്ചു. പുതിയ മാലിന്യപ്ലാൻറിെൻറ ടെൻഡർ നടപടി പൂർത്തിയായി. ഇത് ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാകും. ഇതോടെ നിലവിലെ പ്ലാൻറിലെ പകുതി മാലിന്യം കുറയും. ഇതോടൊപ്പം രണ്ടു മാലിന്യ പ്ലാൻറിനുകൂടി അടുത്തുതന്നെ ഭരണാനുമതി ലഭിക്കും. ഈ ഒന്നരവർഷം കൊണ്ടുതന്നെ രണ്ടു പ്ലാൻറുകളും പ്രവർത്തനസജ്ജമാകും. രണ്ടു വർഷംകൊണ്ട് മാലിന്യപ്രശ്നം പൂർണമായും ഇല്ലാതാക്കുമെന്നും നേവൽ അധികൃതർ രേഖാമൂലം ഉറപ്പുനൽകി. നേവൽ അക്കാദമി രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ പ്ലാൻറ് ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റിസ്ഥാപിക്കും. ഇതേസമയം കഴിഞ്ഞ കരാറിൽ പറഞ്ഞതുപ്രകാരമുള്ള പ്ലാൻറ് വികേന്ദ്രീകരണ പ്രവൃത്തികൾ നടത്തുമെന്നും നിലവിൽ പ്ലാൻറിെൻറ പൈപ്പ് ലൈനിെൻറ ചോർച്ച പരിഹരിച്ചിട്ടുണ്ടെന്നും നേവൽ അധികൃതർ സമരസമിതി ഭാരവാഹികളെ അറിയിച്ചു. എം.ഇ.എസ് ചീഫ് എൻജിനീയർ കേണൽ അമൻ വസിഷ്ഠ, കമാൻഡിങ് ഓഫിസർ കമലേഷ്കുമാർ, പി.ആർ.ഒ ആർ.ജി. അജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജന ആരോഗ്യ സംരക്ഷണസമിതിയെ പ്രതിനിധാനംചെയ്ത് ചെയർമാൻ ആർ. കുഞ്ഞികൃഷ്ണൻ, കൺവീനർ കെ.പി. രാജേന്ദ്രൻ, പി.കെ. നാരായണൻ, വിനോദ് കുമാർ രാമന്തളി, സുനിൽ രാമന്തളി, കെ.എം. അനിൽകുമാർ, സുധേഷ് പൊതുവാൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സമരം തുടരും -ജന ആരോഗ്യ സംരക്ഷണസമിതി പയ്യന്നൂർ: മാലിന്യപ്രശ്നം പൂർണമായും പരിഹരിക്കുെമന്ന് നേവൽ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും മാലിന്യപ്ലാൻറ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന് ജന ആരോഗ്യ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു. നിയമപോരാട്ടങ്ങൾ തുടരും. കരാർവ്യവസ്ഥകൾ പ്രകാരമുള്ള പുതിയ പ്ലാൻറുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്തുകയും വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.