പുതിയതെരു: ചിറക്കൽ കീരിയാട് മുഖംമൂടിസംഘം ഒഡിഷ സ്വദേശിയെ കെട്ടിയിട്ട് കുത്തി കൊലപ്പെടുത്തി പണവും സ്വർണവുമായി കടന്ന സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. ഒഡിഷ സ്വദേശി ലേബർ കോൺട്രാക്ടറും കീരിയാട് രസ്മിത സ്റ്റോർ ഉടമയുമായ പ്രഭാകർ ദാസ് (39) കൊല്ലപ്പെട്ട സംഭവത്തിലാണ് ഒഡിഷ സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം അർധരാത്രി ശക്തമായ മഴക്കിടെ വൈദ്യുതിപോയ സമയത്ത് കീരിയാട് മിൽ റോഡിൽ പ്രഭാകർ ദാസ് കുടുംബസമേതം താമസിക്കുന്ന വാടകവീട്ടിൽ അതിക്രമിച്ചു കടന്ന സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും അപഹരിക്കുകയായിരുന്നു. ഇതിനിടയിൽ കെട്ടിയിട്ട പ്രഭാകർ ദാസിനെ കുത്തി കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച ഭാര്യ ലക്ഷ്മിപ്രിയയുടെ ഇടതുകൈക്ക് വെട്ടി പരിക്കേൽപിക്കുകയുംചെയ്തു. ഇവരുടെ 11 വയസ്സുള്ള മകൾ രസ്മിതയെ കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയുംചെയ്തു. കൈക്ക് സാരമായി മുറിവേറ്റ ലക്ഷ്മിപ്രിയയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാകർ ദാസിെൻറ വയറിന് ആഴത്തിലേറ്റ കുത്ത് കാരണം കുടലുകൾ പുറത്തേക്ക് വന്നിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. കീരിയാെട്ട നാല് പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ എത്തിക്കുന്ന ലേബർ കോൺട്രാക്ടറാണ് പ്രഭാകർ ദാസ്. 200ലധികം തൊഴിലാളികൾ പ്രഭാകറിെൻറ നേതൃത്വത്തിൽ ജോലിചെയ്യുന്നുണ്ട്. ഞായറാഴ്ച തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട ശമ്പളമാണ് കൊലയാളിസംഘം അപഹരിച്ചത്. സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന മുഖംമൂടിയും കത്തിയും കൊലചെയ്യപ്പെട്ട സ്ഥലത്തിെൻറ 100 മീറ്റർ അകലെനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, വളപട്ടണം എസ്.എച്ച്.ഒ അർവിന്ദ് സുകുമാർ, വളപട്ടണം സി.െഎ എം. കൃഷ്ണൻ, എസ്.ഐമാരായ സി.സി. ലതീഷ്, നെൽസൺ നിക്കോളാസ് എന്നിവരും കണ്ണൂരിൽനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി. പ്രദേശവാസികൾ ഞെട്ടലോടെയാണ് കൊലപാതകവിവരം ഞായറാഴ്ച രാവിലെ അറിഞ്ഞത്. പ്രഭാകർ ദാസ് ചിറക്കൽ കീരിയാട് കുടുംബസമേതം താമസമാക്കിയിട്ട് 20 വർഷത്തിലധികമായി. മകൾ രസ്മിതയും രണ്ട് വയസ്സുള്ള മകൻ സായ്റാം ദാസും ജനിച്ചതും വളർന്നതും കണ്ണൂരിൽതന്നെയാണ്. മലയാളം നല്ല ഒഴുക്കോടെ സംസാരിക്കുന്ന ഇൗ ഒഡിഷക്കാരൻ നാട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരുമാസം മുമ്പാണ് കുടുംബസമേതം ഒഡിഷയിൽ പോയി മടങ്ങിയെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ട് പ്രഭാകറിെൻറ ഉടമസ്ഥതയിലുള്ള സ്റ്റോറിന് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.