ശ്രീകണ്ഠപുരം: തിമിർത്തുപെയ്ത മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടം. കാറ്റും മഴയും ഇടിമിന്നലും ഒന്നിച്ചുവന്നപ്പോൾ പലയിടത്തും മരങ്ങളും വൈദ്യുതി ലൈനുകളും നിലംപതിച്ചു. ഒട്ടേറെ കൃഷിയിടങ്ങളിലും നാശമുണ്ടായി. വീടുകൾക്കും തകരാർ പറ്റി. ഞായറാഴ്ച വൈകീട്ടോടെയാണ് മലമടക്കുകളിൽ മഴ തിമിർത്തു പെയ്തത്. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, മലപ്പട്ടം, നടുവിൽ, ആലക്കോട്, ഉദയഗിരി മേഖലകളിലാണ് മഴയും കാറ്റും ഉണ്ടായത്. കനത്ത കാറ്റിൽ റബർ, കമുക്, തേക്ക്, വാഴ തുടങ്ങിയവ നിലംപതിച്ചു. വൻ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾ നിലംപതിച്ചതോടെ ഉൾഗ്രാമങ്ങളിലടക്കം വൈദ്യുതിബന്ധം നിലച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ പുളുകൂൽ തങ്കമണിയുടെ വീടിന് മിന്നലേറ്റു. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ മുഴുവനായും നശിച്ചു. ചുവരിനും മേൽക്കൂരക്കും തകരാർ സംഭവിച്ചു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചന്ദനക്കാംപാറ -വഞ്ചിയം റോഡിൽ സമീപത്തെ ക്രഷറിൽനിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതോടെ റോഡ് പൂർണമായും തകർന്നു. ക്രഷറിലെ വെള്ളം റോഡിലേക്ക് തിരിച്ചുവിട്ടതിനാൽ റോഡും നിരവധി കൃഷിയിടങ്ങളുമാണ് കുത്തിയൊലിച്ച് പോയത്. വലിയ കരിങ്കല്ലുകളും മറ്റും പ്രദേശത്തെ വീട്ടുപരിസരങ്ങളിലും കിണറുകളിലും പതിച്ചിട്ടുണ്ട്. ക്വാറിസ്ഥലത്തെ കല്ലുകളും മാലിന്യങ്ങളും വീടുകളിലേക്ക് ഒഴുകിയെത്തിയത് ഏറെ ഭീതിയാണുണ്ടാക്കിയത്. പയ്യാവൂർ പഞ്ചായത്തംഗം വിജയമ്മ കാക്കശ്ശേരി പ്രദേശം സന്ദർശിച്ചു. മലയോര മേഖലയിൽ രാത്രി വൈകിയും മഴ തുടരുകയാണ്. ശ്രീകണ്ഠപുരം, ഏരുവേശ്ശി റോഡുകളിൽ ഓടകളില്ലാത്തതിനാൽ കല്ലും മണ്ണും ഒഴുകിവന്നത് അപകടങ്ങൾക്കും ഇടയാക്കി. തളിപ്പറമ്പ്--ഇരിട്ടി സംസ്ഥാനപാതയിൽ പലയിടത്തും റോഡിലേക്ക് ചരൽ ഒഴുകിയെത്തിയത് ഏറെ അപകട ഭീതിക്കിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.