കലയുടെ ജനകീയ മുഖവുമായി വൈജയന്തി കാശിയുടെ നൃത്തവിസ്മയം

പയ്യന്നൂർ: കലോത്സവങ്ങളുടെ വഴിപാടുവേദികളിൽ മാത്രം കണ്ട കുച്ചിപ്പുടിയുടെ യഥാർഥ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു പയ്യന്നൂരുകാർ ഞായറാഴ്ച. പയ്യന്നൂർ സത്കലാപീഠം പ്രതിമാസ പരിപാടിയുടെ ഭാഗമായി പ്രസിദ്ധ നർത്തകി വൈജയന്തി കാശിയുടെയും മകൾ പ്രതീക്ഷ കാശിയുടെയും നൃത്തച്ചുവടുകളാണ് പതിവുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായി അത്യപൂർവ ദൃശ്യശ്രാവ്യ സൗന്ദര്യം പകർന്നുനൽകിയത്. എല്ലാ മേഖലകളിലുമുള്ള ആസ്വാദകർക്ക് ശാസ്ത്രീയ കലകൾ മനസ്സിലാക്കാനാവുന്ന രീതിയിൽ അവതരണവും മാറണമെന്ന ചിന്തയിലൂടെയാണ് വൈജയന്തി കാശി 'ഡാൻസ് ജാത്രെ' സംഘടിപ്പിച്ചത്. ഇതിലൂടെ ശാസ്ത്രീയ കലകളുടെ സൗന്ദര്യതലത്തിലേക്ക് എല്ലാ വിഭാഗം ആസ്വാദകരെയും ആനയിക്കാൻ അവർക്കായി. ഡാൻസ് ഫെയർ എന്ന നവീന ആശയം ഇന്ത്യയിലെ കലാസ്നേഹികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ചലച്ചിത്രമേളകൾ വ്യാപകമാവുകയും കൂടുതൽ ജനകീയമാവുകയുംചെയ്യുന്ന രസതന്ത്രം എന്തുകൊണ്ട് നൃത്തരംഗത്ത് പരീക്ഷിച്ചുകൂടാ എന്ന ചോദ്യമാണ് അവരെ നൃത്തമേള എന്ന ആശയത്തിലേക്കെത്തിച്ചത്. ചലച്ചിത്ര, നാടക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അവർ ഇങ്ങനെ ചിന്തിച്ചത് സ്വാഭാവികം മാത്രം. ബംഗളൂരുവിൽ ശാംഭവി സ്കൂൾ ഓഫ് ഡാൻസ് സ്ഥാപിച്ചായിരുന്നു ജാത്രെക്ക് തുടക്കം. വെമ്പട്ടി ചിന്നസത്യത്തി​െൻറ ശിഷ്യയായ വൈജയന്തി കുച്ചിപ്പുടിയിലാണ് പ്രശസ്തയെങ്കിലും ഭരതനാട്യമുൾപ്പെടെ മിക്ക ക്ലാസിക് ഡാൻസുകളും വഴങ്ങും. വർഷങ്ങളായി നർത്തകി, ഗുരു, കർണാടക സംഗീത നൃത്ത അക്കാദമി അധ്യക്ഷ എന്നീ നിലകളിലെല്ലാം കലാലോകത്തിന് സുപരിചിതയാണ്. ഇന്ത്യയിലെതന്നെ ആദ്യത്തെ സമ്പൂർണ നൃത്തമേള ഇപ്പോൾ എല്ലാ വർഷവും നിരവധിപേരെയാണ് ആകർഷിക്കുന്നത്. വിവിധ നൃത്തരൂപങ്ങളുടെ മേളനമായ ഡാൻസ് ജാത്രെ ഐ.ടി നഗരത്തി​െൻറ ആവേശമാണ്. മത്സരം, പ്രദർശനം, ശിൽപശാല തുടങ്ങി നൃത്തത്തി​െൻറ എല്ലാ മേഖലകളിലും മേള കൈവെക്കുന്നുണ്ട്. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ഒഡിസി, കഥക്ക്, മണിപ്പൂരി, സത്രിയ തുടങ്ങി എല്ലാ നൃത്തരൂപങ്ങളും മേളയിൽ സർവസാധാരണം. മകൾ പ്രതീക്ഷ കാശിയുമായാണ് വൈജയന്തി പയ്യന്നൂരിലെത്തിയത്. ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനത്തോടെ മകളാണ് തുടങ്ങിയത്. പിന്നീട് ഇരുവരും ചേർന്നുനടത്തിയ നടനവൈഭവം വാക്കുകൾക്കതീതമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.