ചെറുപുഴയില്‍ ലഹരികടത്തുകാരും നാട്ടുകാരും ഏറ്റുമുട്ടി

ചെറുപുഴ: കഞ്ചാവ് വില്‍പനക്കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്റര്‍ ഒട്ടിച്ച് ലഹരിക്കെതിരെ പ്രചാരണം നടത്തിയതിനെച്ചൊല്ലി ലഹരികടത്തുസംഘം നാട്ടുകാരുമായി ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രി വൈകി കാക്കയംചാലിന് സമീപത്തായിരുന്നു സംഘര്‍ഷം. കഴിഞ്ഞദിവസം പയ്യന്നൂര്‍ എക്‌സൈസ് വിഭാഗം ചെറുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ഫര്‍ണിച്ചര്‍ വ്യാപാരികളെന്ന വ്യാജേന കഞ്ചാവ് വില്‍പനക്കെത്തിക്കുന്ന ചെറുപുഴ സ്വദേശികളായ രണ്ടുപേരെയും മദ്യക്കടത്തുകാരായ രണ്ടുപേരെയും പിടികൂടിയിരുന്നു. ചെറുപുഴയിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ക്കുൾപ്പെടെ ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്ന ഇവരെക്കുറിച്ച് പരാതിയുണ്ടായിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതിനിടെയാണ് ഇവര്‍ എക്‌സൈസി​െൻറ പിടിയിലായത്. ഇവരെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ഒരുസംഘം യുവാക്കള്‍ ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റര്‍ തയാറാക്കി ചെറുപുഴ ടൗണിലുടനീളം പതിച്ചു. സംഭവമറിഞ്ഞെത്തിയ ലഹരികടത്തുസംഘം പോസ്റ്റർ കീറിനശിപ്പിക്കുകയും പോസ്റ്റര്‍ പതിച്ച യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. എന്നാല്‍, സംഭവത്തിൽ പൊലീസില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല. കൊലപാതകവും മോഷണവും ലഹരികടത്തും ഉള്‍പ്പെടെ ചെറുപുഴ പഞ്ചായത്ത് പരിധിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയപ്പോഴാണ് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ വിഭജിച്ച് ചെറുപുഴ കേന്ദ്രമായി പുതിയ സ്റ്റേഷന്‍ അനുവദിച്ചത്. എന്നിട്ടും ചെറുപുഴയിലും പരിസരങ്ങളിലും കുറ്റകൃത്യങ്ങള്‍ വർധിക്കുന്നതിൽ ജനങ്ങള്‍ ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.