കണ്ണൂർ: ഭൂഗർഭ ജലനിരപ്പ് ഉയർത്തി ജലക്ഷാമം പരിഹരിക്കാൻ ജില്ലയിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഫലംകണ്ടതായി വിലയിരുത്തൽ. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രണ്ട് വർഷങ്ങളിൽ ജില്ലയിൽ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലക്ഷാമത്തിെൻറ രൂക്ഷത കുറച്ചതായാണ് ജില്ല മണ്ണ് സംരക്ഷണ, ഭൂജല വകുപ്പുകൾ വിലയിരുത്തുന്നത്. ഹരിതകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നൂറുകണക്കിന് കുളങ്ങളും തോടുകളും നവീകരിക്കുകയും ആയിരക്കണക്കിന് മഴക്കുഴികളും കയ്യാലകളും കിണർ റീചാർജിങ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. ജില്ല പഞ്ചായത്തിെൻറ ജലം സുലഭം പദ്ധതിയുടെ ഭാഗമായി നടന്ന ജനകീയ മഴക്കുഴി നിർമാണം വലിയ വിജയമായിരുന്നു. മുൻവർഷങ്ങളിൽ രൂക്ഷമായി ജലക്ഷാമം അനുഭവപ്പെട്ട 26 പഞ്ചായത്തുകളിൽ പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു. ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ ഭൂഗർഭ ജലത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകൾക്ക് പ്രത്യേക ഉൗന്നൽ നൽകിയായിരുന്നു കാമ്പയിൻ. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ നടത്തിയ അഴുക്കിൽ നിന്ന് അഴകിലേക്ക്, ഹരിതതീരം തുടങ്ങിയ പദ്ധതികളും ജലസംരക്ഷണത്തിൽ നിർണായകമായി. നീർത്തട വികസന പ്രവർത്തനങ്ങളും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൗർജം പകരുന്നതായിരുന്നു. മരങ്ങൾ വെച്ചുപിടിപ്പിക്കുക, മൺവരമ്പ്, മഴക്കുഴികൾ, ചെറിയ തടയണകൾ നിർമിക്കുക എന്നിവയായിരുന്നു നീർത്തട വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. പ്രവർത്തനങ്ങൾ ഫലം കണ്ടതിെൻറ അനുഭവത്തിൽ ശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കൂടി ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇത്തവണ ശക്തിപ്പെടുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.