കർണാടകയിൽ തളരാതെ റൈ രാഷ്​ട്രീയം; കേരളത്തിൽ ചരിത്രം

മംഗളൂരു: കർണാടകയിലെ റൈ രാഷ്ട്രീയം താരശോഭയോടെ കാത്തുപോരുകയാണ് അടിമുടി കർഷകനായ വനം-പരിസ്ഥിതി മന്ത്രി ബി. രമാനാഥ റൈ. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ഇദ്ദേഹം എട്ടാമതും ജനവിധി തേടുന്ന ബണ്ട്വാൾ സംഘ്പരിവാർ പ്രത്യേകം ഉന്നമിടുന്ന മണ്ഡലമാണ്. താനും ജില്ലയിലെ മറ്റു ഏഴ് കോൺഗ്രസ് സ്ഥാനാർഥികളും ജയിക്കുമെന്ന് ആറുതവണ ബണ്ട്വാൾ മണ്ഡലം പ്രതിനിധാനംചെയ്യുകയും ഗ്രാമവികസന, ആഭ്യന്തര വകുപ്പുകളുടെ മന്ത്രിയുമായിരുന്ന റൈ ഉറപ്പിച്ചുപറയുന്നു. ബി.ജെ.പിയിലെ രാജേഷ് നായികാണ് ഇത്തവണയും എതിരാളി. അതേസമയം, മൂന്ന് തോക്കുകളും തുളുനാട് കമ്യൂണിസത്തി​െൻറ നാക്കുമായി മൂന്ന് തവണ ലോക്സഭയിലും സി.പി.എം സംസ്ഥാന സമിതിയിലും തിളങ്ങിയ അഡ്വ. എം. രാമണ്ണ റൈയുടെ പെരുമയും പേരുംപോലും കേരള രാഷ്ട്രീയത്തി​െൻറ വിസ്മൃതിയിലാണ്ടു. ലോക്സഭ അംഗവും കോൺഗ്രസ് ദാർശനികനുമായിരുന്ന മുൻ ഡി.സി.സി പ്രസിഡൻറ് ഐ. രാമ റൈയുടെ അടയാളമായി കേരള പി.സി.സിയിൽ മകനും മംഗളൂരുവിലെ പ്രമുഖ അഭിഭാഷകനുമായ സുബ്ബയ്യ റൈ അംഗമാണ്. മലയാളവും നന്നായി വഴങ്ങുന്ന രമാനാഥ റൈയെപ്പോലെ തികഞ്ഞ മതേതരവാദികളായിരുന്നു കേരള റൈമാരും. ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള കാസർകോട് കർണാടകയിൽ ലയിക്കേണ്ടതാണെന്ന വാദം രഹസ്യമായും പരസ്യമായും ഉന്നയിച്ചുപോന്ന എം. രാമണ്ണ റൈ പാർട്ടി അംഗത്വമില്ലാതെയാണ് 2009 ഒക്ടോബർ ആറിന് 79ാം വയസ്സിൽ അന്ത്യയാത്രയായത്. ലയനവാദ നിലപാട് രഹസ്യമായി സൂക്ഷിച്ച് പാർട്ടിക്ക് ഹാനിവരുത്താതെ 2010 ഡിസംബർ 20ന് രാമ റൈയും വിടപറഞ്ഞു. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഇരു റൈമാരും തമ്മിൽ മത്സരിച്ചുപോന്ന അവസ്ഥക്ക് മാറ്റംവന്നത് 1996ലെ തെരഞ്ഞെടുപ്പോടെയാണ്. കോൺഗ്രസ് റൈയുടെ മകൻ സുബ്ബയ്യ റൈയും കമ്യൂണിസ്റ്റ് റൈയുടെ മകൾ പുഷ്പയും തമ്മിലുള്ള വിവാഹമായിരുന്നു പോരിന് അറുതി കുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.