കോട്ടയം: തോമസ് ചാണ്ടി എം.എൽ.എക്കെതിരെയുള്ള റോഡ് നിർമാണ അഴിമതിക്കേസിലെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്നതിനെ അനുകൂലിച്ച് സർക്കാർ. കോട്ടയം വിജിലൻസ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടും അഡ്വ. സുഭാഷ് നൽകിയ പരാതിയിലാണ് സർക്കാർ നിലപാട്. വലിയകുളംസീറോ ജെട്ടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടറായിരുന്ന പദ്മകുമാറിനെതിരെയും അന്വേഷണം വേണമെന്നുള്ള ആവശ്യത്തെ സർക്കാർ എതിർത്തു. പദ്മകുമാറിനെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ടുകാര്യത്തിലും 10ന് കോടതി ഉത്തരവിടും. നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചെന്ന പരാതിയിൽ കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം വിജിലൻസ് യൂനിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് അന്വേഷണം തിരുവനന്തപുരം യൂനിറ്റിന് കൈമാറിയത് അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്നാണ് സുഭാഷിെൻറ ആരോപണം. എന്നാൽ, ദ്രുതപരിശോധനയാണ് ആദ്യസംഘം നടത്തിയതെന്നും വിശദപരിശോധനക്കാണ് പുതിയ സംഘത്തെ ചുമതലപ്പെടുത്തിയതെന്നുമായിരുന്നു വിജിലൻസിെൻറ വിശദീകരണം. കെ.ഇ. ഇസ്മയിലിെൻറയും പി.ജെ. കുര്യെൻറയും എം.പി ഫണ്ട് ഉപയോഗിച്ച് നെൽവയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചു, 65 ലക്ഷം രൂപ സർക്കാറിന് നഷ്ടം വരുത്തി തുടങ്ങിയ പരാതികളാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.