പാപ്പിനിശ്ശേരി: ദേശീയപാതയുടെ അലെയിൻമെൻറിൽ ഇനിയൊരു മാറ്റമില്ലെന്ന് പറയാൻ സി.പി.എമ്മിന് എന്തവകാശമാണുള്ളതെന്ന് ഭൂസംരക്ഷണ സമിതി നേതാവ് എം. ഗീതാനന്ദൻ ചോദിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഒാഫിസിലേക്ക് ബൈപാസ് വിരുദ്ധ സമരം നടത്തുന്ന തുരുത്തി കോളനിനിവാസികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റിപോലും ഇപ്പോൾ നടത്തിയ അലെയിൻമെൻറ് അന്തിമമാണെന്ന് പറഞ്ഞിട്ടില്ല. കിട്ടാവുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ ശ്രമം നടത്താമെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറയുമ്പോൾ ഇനിയൊരു ചര്‍ച്ചയില്ല, പുനഃപരിശോധനയില്ല എന്ന് പറയുന്നതിനുപിന്നിൽ ഗൂഢാേലാചനയുണ്ട്. രാഷ്ട്രീയപ്രമാണിമാരും വമ്പൻ വ്യവസായ ഭൂമാഫിയ സംഘവും ചേർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. വികസനമെന്ന ഉമ്മാക്കി കാണിച്ച് പട്ടികജാതിക്കാരെ പേടിപ്പിക്കാനുള്ള ശ്രമം നടപ്പില്ല. നേതാക്കളുടെ മക്കളുടെ പേരിൽ ഭൂമിതട്ടിപ്പും മാഫിയവത്കരണവും അരങ്ങ് തകർക്കുമ്പോൾ പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ച് ഭൂമി കുംഭകോണം നടത്താമെന്ന് ആരും ധരിക്കേണ്ടെന്നും ഗീതാനന്ദൻ പറഞ്ഞു. തുരുത്തി കോളനി കർമസമിതി നേതാവ് കെ. ചന്ദ്രഭാനു അധ്യക്ഷതവഹിച്ചു. കെ. നിഷിൽകുമാർ, ശ്രീരാമൻ കോയോൻ, അഡ്വ. കസ്തൂരി ദേവൻ, വി.വി. പ്രഭാകരൻ, രാജീവൻ എളയാവൂർ, പി. ബാലകൃഷ്ണൻ, പി.പി. ദാമോദരൻ, സി. രാജൻ എന്നിവർ സംസാരിച്ചു. തുരുത്തിയിലെ കുടിൽകെട്ടി സമരപ്പന്തലിൽനിന്നാരംഭിച്ച മാർച്ചിൽ മുന്നൂറോളം പേർ പങ്കെടുത്തു. മാർച്ചിന് കെ. സിന്ധു, കെ. ലിജ, കെ. അനിത, ലീല, പുഷ്പൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.