പയ്യന്നൂർ: മാലിന്യപ്രശ്നം നിലനിൽക്കുന്ന രാമന്തളിയിലെ മലിനബാധിത പ്രദേശത്തെ കിണർ വെള്ളം പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ രാമന്തളി മാലിന്യ വിരുദ്ധ സമരം നയിച്ച ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞു. മാലിന്യപ്രശ്നം ആരംഭിച്ചതു മുതൽ കഴിഞ്ഞ ഒരു വർഷമായിട്ടും തുടരുന്ന ജല പരിശോധനകൾ പ്രഹസനമാകുന്നുവെന്നാരോപിച്ചാണ് സമരസമിതി പ്രവർത്തകർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. രാമന്തളിയിലെ മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശ പ്രകാരം ജലപരിശോധനക്കെത്തിയതായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. കിണറുകളിൽ മലിനജലം കയറുന്നതിന് ശാശ്വതമായ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കുന്ന ജലപരിശോധന നാടകം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി പ്രവർത്തകർ. മലിനജലം നിറഞ്ഞ കെ.പി. പരമേശ്വരിയുടെ വിട്ടുകിണറിൽ പരിശോധനക്കെത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. സ്ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചുപോയി. സമരസമിതി കൺവീനറും പഞ്ചായത്തംഗവുമായ കെ.പി. രാജേന്ദ്രെൻറ നേതൃത്വത്തിൽ വിനോദ് കുമാർ രാമന്തളി, എം. പത്മനാഭൻ, പി.പി. പ്രേമൻ, സുധേഷ് പൊതുവാൾ, കെ.വി. ദാക്ഷായണി, കെ.പി. ശകുന്തള, കെ.പി. ശൈലജ എന്നിവരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറിൽനിന്നുള്ള മലിനജലം ഒഴുകിയെത്തി രാമന്തളി തെക്കുമ്പാട് പ്രദേശത്തെ കിണറുകൾ ഉപയോഗ്യശൂന്യമായിരിക്കുകയാണ്. രാമന്തളി മാലിന്യ വിരുദ്ധ സമരം നടത്തിയ ജനാരോഗ്യ സംരക്ഷണ സമിതിയുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകളിൽനിന്ന് നേവൽ അധികൃതർ പിന്നാക്കം പോയതാണ് മാലിന്യപ്രശ്ന പരിഹാരത്തിന് തടസ്സമായതെന്ന് സമരസമിതി ആരോപിക്കുന്നു. അതിനിടയിൽ അശാസ്ത്രീയ മാലിന്യ പ്ലാൻറിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയും നൽകി. സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. 10ന് സമരസമിതി രാമന്തളി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. പ്ലാൻറിന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അനുമതിക്ക് എതിരായി നിയമ നടപടികൾ നടത്തുക, അനുമതി റദ്ദ് ചെയ്യാൻ സർക്കാറിൽ സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.