ചെങ്കല്‍ വിലവര്‍ധന; കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായില്ല

കേളകം: ചെങ്കല്‍ വിലവര്‍ധനക്കെതിരെ പണകളില്‍ സംഘടനകള്‍ നടത്തുന്ന സമരം തുടരുമ്പോൾ നിർമാണമേഖല സ്തംഭനത്തിലേക്ക്. വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുവജന സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം തുടരുന്നത്. പ്രശ്‌നം പരിഹരിക്കാനായി നേരത്തെ കലക്ടര്‍ പണ ഉടമകളുടെയും തൊഴിലാളികളുടെയും യോഗം വിളിച്ചിരുന്നു. ഇതില്‍ ചെങ്കല്‍ വിലവര്‍ധന നാലുരൂപയില്‍ നിന്ന് രണ്ടര രൂപയാക്കി കുറക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാന്‍ യുവജന സംഘനടനകള്‍ തയാറായില്ല. പണ ഉടമകള്‍ രണ്ടര രൂപ കല്ലിനും ഒന്നര രൂപ വാഹനത്തിനുമായാണ് നാലു രൂപ വര്‍ധിപ്പിച്ചത്. 1.50 രൂപ വരെയുള്ള വിലവര്‍ധന അംഗീകരിക്കാമെന്ന് യോഗത്തില്‍ ഡി.വൈ.എഫ്‌.ഐ നിലപാടെടുത്തു. മറ്റ് സംഘടനകള്‍ വിലവര്‍ധന അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. യോഗത്തില്‍ കലക്ടര്‍ക്കു പുറമെ ജിയോളജിസ്റ്റ് കെ.ആര്‍. ജഗദീശന്‍, ഡി.വൈ.എഫ്‌.ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത്‌ലീഗ് സംഘടന പ്രതിനിധികൾ, ലേബര്‍ ഓഫിസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചെങ്കല്‍ വിലവര്‍ധന രണ്ടുരൂപയാക്കി കുറച്ചാല്‍ സമരം നിര്‍ത്തുമെന്ന് ഡി.വൈ.എഫ്‌.ഐ ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. തൊഴിലാളികളുടെ കൂലിയില്‍ കാര്യമായ വര്‍ധന വരുത്താതെ കല്ലിന് നാലുരൂപ കൂട്ടിയതിനെ തുടര്‍ന്നാണ് പണകളില്‍ സമരം നടത്തുന്നത്. തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിവര്‍ധനക്ക് ആനുപാതികമായി മാത്രമേ ചെങ്കല്ലിനു വില കൂട്ടാവുവെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഡി.വൈ.എഫ്‌.ഐ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കൽപണകള്‍ പൂട്ടിയിട്ടതോടെ ഇതരസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പോവുകയാണ്. സമരം തീര്‍ന്നാല്‍തന്നെ തൊഴിലാളി പ്രതിസന്ധി പരിഹരിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.