കേളകം: ഇടക്കാലത്ത് നിർജീവമായിരുന്ന മാവോവാദികൾ കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തനം സജീവമാക്കിയതായി രഹസ്യാേന്വഷണവിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. ജില്ലകളുടെ വനമേഖലകൾ പങ്കിടുന്ന വായാട് ഉടുമ്പാറയിൽ വിറക് ശേഖരിക്കാൻ പോയ പ്രദേശവാസികൾ ആറംഗ മാവോവാദിസംഘത്തെ കണ്ടതായ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ഥലത്തെത്തിയ മൂന്ന് മാവോവാദികളെ അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നു. മാവോവാദി സംഘത്തിൽപെട്ട ജയണ്ണ, സാവിത്രി, ചന്ദ്രു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കർണാടകയിലെ കൂർഗ് മേഖലയിൽനിന്ന് സായുധരായ ഏഴംഗ മാവോവാദിസംഘം കിഴക്കൻമേഖലയിലേക്ക് കടന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വനമേഖലകളിൽ ക്യാമ്പുകൾ നടത്തുന്നതായാണ് റിപ്പോർട്ട്. മാവോവാദികൾ ലഘുലേഖകൾ വിതരണം നടത്തിയതായി വിവരം ലഭിച്ച കോളയാട്, ആറളം ഫാം പ്രദേശങ്ങളിൽ സൂചന ലഭിച്ച സ്ഥലങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. മുമ്പ് മാവോവാദികൾ എത്തിയിട്ടുള്ള കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കോളനികൾ ഉൾപ്പെടെ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. അത്യാവശ്യഘട്ടത്തിൽ തണ്ടർബോൾട്ട് സേനയുടെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.