മട്ടന്നൂർ ഊരത്തൂരിൽ എം.എൽ.എ അറിയാതെ മന്ത്രിയുടെ സന്ദർശനം; സി.പി.എമ്മിൽ വിവാദം

ഇരിക്കൂർ: മട്ടന്നൂർ മണ്ഡലത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന ദേശീയ ആയുർവേദ ഗവേഷണ കേന്ദ്രത്തി​െൻറ പ്രവർത്തനം വിലയിരുത്താൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽനിന്ന് സ്ഥലം എം.എൽ.എ ഇ.പി. ജയരാജനെ ഒഴിവാക്കിയെന്ന് പരാതി. കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡൻറും പദ്ധതിപ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് നേതൃത്വവും ഉൾപ്പെട്ട സംഘത്തിൽ എം.എൽ.എയെ ഒഴിവാക്കിയെന്നാണ് പരാതി. സി.പി.എം പ്രാദേശികനേതൃത്വം ഇതുസംബന്ധിച്ച് ജില്ല നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞദിവസത്തെ സി.പി.എം ജില്ല കമ്മിറ്റി യോഗത്തിലും സംഭവം ചർച്ചയായി. സംസ്ഥാനസർക്കാർ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ ഒദ്യോഗികസന്ദർശനം സ്ഥലം എം.എൽ.എയെ അറിയിക്കാത്തത് അവകാശ ലംഘനമാണെന്ന് പ്രാദേശിക സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ എം.എൽ.എ ആണെങ്കിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകാവുന്ന വിഷയമാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ നിയമസഭ സീറ്റ് നിർണയകാലത്ത് ഉടലെടുത്ത കണ്ണൂർ പാർട്ടിയിലെ വിഭാഗീയതയാണ് സന്ദർശനത്തിൽനിന്ന് ഇ.പി.യെ ഒഴിവാക്കിയതിന് പിന്നിലെന്നും ആരോപണമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരുവർഷത്തോളം മട്ടന്നൂർ നഗരസഭയുടെ പരിപാടികളിൽനിന്ന് ജയരാജനെ അകറ്റിനിർത്തിയിരുന്നതായും ആരോപണമുണ്ടായിരുന്നു. ഏപ്രിൽ 29ന് രാവിലെയാണ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിലുള്ള സംഘം ഊരത്തൂരിലെ ഭൂമി സന്ദർശിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അനിൽകുമാർ, പടിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ, വൈസ് പ്രസിഡൻറ് എം.എം. മോഹനൻ, സി.പി.എം മുൻ ഏരിയ സെക്രട്ടറി പി.വി. ഗോപിനാഥ്, സി.പി.എം കല്യാട് ലോക്കൽ സെക്രട്ടറി ബി. രാമചന്ദ്രൻ, ആയുർവേദ ജില്ല ചീഫ് മെഡിക്കൽ ഓഫിസർ എസ്.ആർ. ബിന്ദു, ജില്ല സർവേയർ സൂപ്രണ്ട് കെ. ബാലകൃഷ്ണൻ എന്നിവരും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സന്ദർശനസമയത്ത് ഊരത്തൂർ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥലമായ തൂക്കുപാറയിൽ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.