കണ്ണൂര്‍ വിമാനത്താവളം തൊഴില്‍പാക്കേജ്: മുഖാമുഖം നടന്നില്ല

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള സ്ഥലമെടുപ്പില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഉദ്യോഗാർഥികള്‍ക്ക് മാത്രമായി കണ്ണൂര്‍ ചിറക്കല്‍ രാജാസ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടത്തുമെന്നറിയിച്ച മുഖാമുഖം നടന്നില്ല. കണ്ണൂര്‍ വിമാനത്താവളത്തി​െൻറ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജന്‍സിയായ എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സർവിസ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ വൈകീട്ട് 6.20ന് മാത്രമാണ് സ്ഥലത്തെത്തിയത്. ഉദ്യോഗാർഥികള്‍ ബഹളംവെച്ചതോടെ, തങ്ങളോട് ബുധനാഴ്ച വൈകീട്ട് മാത്രമാണ് വീടു നഷ്ടപ്പെട്ട കുടുംബങ്ങളുടെ വിവരം പറഞ്ഞതെന്നും ഭക്ഷണംപോലും കഴിക്കാതെയാണ് ഈ സമയത്തെങ്കിലും ഇവിടെ എത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒടുവില്‍ അഞ്ചു ദിവസത്തിനുള്ളില്‍ മുഖാമുഖം നടത്താമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥര്‍ 74 പേരുടെ അപേക്ഷകള്‍ സ്വീകരിച്ചതോടെ ഉദ്യോഗാർഥികള്‍ പിന്തിരിയുകയായിരുന്നു. സമയം വൈകിയതിനാല്‍ കിയാലിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാർഥികള്‍ക്കായി മട്ടന്നൂരിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തേണ്ടിവന്നു. വിവിധ തസ്തികകളിലേക്ക് ദിവസങ്ങള്‍ക്കുമുമ്പ് എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സർവിസ് പൊതുവായി അപേക്ഷ ക്ഷണിച്ചിരുന്നു. അതിനുള്ള മുഖാമുഖം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഉദ്യോഗാർഥികള്‍ക്ക് മാത്രമായി വ്യാഴാഴ്ച രണ്ടിന് കണ്ണൂരില്‍ നടത്തുന്ന അഭിമുഖത്തി​െൻറ വിവരം ഉദ്യോഗാർഥികള്‍ വ്യാഴാഴ്ച രാവിലെ പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.