കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്കായി ഐ.എന്‍.ടി.യു.സി പദയാത്ര കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ജില്ല കമ്മിറ്റി നേതൃത്വത്തിലുള്ള പദയാത്ര നാലിന് തുടങ്ങും. ജില്ല പ്രസിഡൻറ് പി.ജി. ദേവ് നയിക്കുന്ന പദയാത്ര നാലിന് രാവിലെ 8.30ന് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് തുടങ്ങുക. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. എം.സി. ജോസ് അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് പൂടംകല്ലില്‍ സമാപിക്കും. മേയ് അഞ്ചിന് രാവിലെ ഒമ്പതിന് രാജപുരത്തുനിന്ന് തുടങ്ങി വൈകീട്ട് 4.30ന് പാണത്തൂരില്‍ സമാപിക്കും. സമാപന സമ്മേളനം ഐ.എന്‍.ടി.യു.സി ദേശീയ ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലാഭകരമായ കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയോട് സംസ്ഥാന, -കേന്ദ്ര സര്‍ക്കാറുകള്‍ക്ക് താല്‍പര്യമില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. 325 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കേണ്ടത്. പാതക്ക് അനുമതിപത്രം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാർ തയാറായില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാർത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് പി.ജി. ദേവ്, കെ.എം. ശ്രീധരന്‍, ടി.വി. കുഞ്ഞികൃഷ്ണന്‍, തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.